വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മെലന്ന ഗാനത്തിന് ചുവടുവെക്കുകയാണ് മലയാളികള്‍ ഒന്നടങ്കം. ഓണം സിനിമകളിൽ മോഹൻലാൽ ചിത്രമായ വെളിപാടി​ന്‍റെ പുസ്​തകം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്​ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിലൂടെയാണ്​. ഈ പാട്ടിന്‍റെ ഡാൻസ് വിഡിയോകളുടെ പ്രളയമാണ് യുട്യൂബിലും സമൂഹ മാധ്യമങ്ങളിലുമെത്തുന്നത്. ഇത്തവണ ജിമിക്കി കമ്മല്‍ കട്ടോണ്ട് പോയിരിക്കുന്നത് മുംബൈക്കാരികളാണ്.

മലയാളി വീട്ടമ്മമാർ മുതൽ ന്യൂജെൻ  വരെ ജിമിക്കി കമ്മൽ വേർഷനുമായി രംഗത്തുവന്നപ്പോൾ അങ്ങ് മുംബൈയില്‍ നിന്നാണ് പുതിയ തകര്‍പ്പന്‍ വിഡിയോ എത്തിയിരിക്കുന്നത്. നിക്കോളിന്‍റെയും സൊണാലിന്‍റെയും ജിമിക്കി കമ്മൽ ഡാൻസാണ് ഇപ്പോള്‍ യുട്യൂബിലെ ഏറ്റവും പുതിയ ട്രെൻഡ്. യുട്യൂബ് ട്രെന്‍ഡിങില്‍ 16ാം സ്ഥാനത്താണ് ഇപ്പോള്‍ ഈ വീഡിയോ. 

ജിമിക്കി കമ്മൽ കളിച്ച് മലയാളസിനിമയിലും ഇവര്‍ക്ക് അവസരവും ലഭിച്ചു. മിഥുൻ മാനുവേലിന്‍റെ ആട് രണ്ടാം ഭാഗത്തിലാണ് ഈ സുന്ദരിമാര്‍ ചുവടുവെക്കുന്നത്. ചിത്രത്തിന്‍റെ നിർമാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. കൊറിയോഗ്രാഫിയും ഡാൻസ് സ്കൂളുമൊക്കെ സജീവമാണിവര്‍.

ജിമ്മിക്കി കമ്മൽ പാട്ടിനൊത്ത് ഡാൻസ് ചെയ്യുന്ന അനേകം വിഡിയോകളാണ് ഇന്‍റർനെറ്റിലുള്ളത്. ചിത്രത്തിലെ ജിമിക്കി കമ്മൽ ഹിറ്റായതിനൊപ്പം മറ്റൊരു വൈറലായ വീഡിയോ ആയിരുന്നു കൊച്ചി ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിലെ അധ്യാപകരും വിദ്യാർത്ഥികളും ഓണാഘോഷത്തിനിടെ കളിച്ച ജിമിക്കി കമ്മല്‍. വീഡിയോ ഇതുവരെ കണ്ടത് കോടി കണക്കിന് ആളുകളാണ്.

ഓഫീസുകളിലും കോളജുകളിലും കുടുംബത്ത് പോലും ജിമിക്കി നൃത്തമാണ് ഇപ്പോള്‍ ഹിറ്റ്. എന്തിന് മോഹന്‍ലാലിന്‍റെ  മകന്‍ പ്രണവ് മോഹന്‍ലാല്‍ ജിമിക്കി കമ്മലിന് ചുവടുവയ്ക്കുന്ന വീഡിയോ പോലും വൈറലായി മാറി. മനുഷ്യര്‍ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ മിക്കവരുടെയും ഇഷ്​ടകഥാപാത്രമായ മിനിയോൺസ് വരെ ജിമിക്കി കമ്മലിന് ചുവടുവെച്ചു.  വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാൻ ഈണമിട്ട പാട്ടാണ് ജിമിക്കി കമ്മൽ. അനിൽ പനച്ചൂരാന്‍റെ വരികൾ പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്.