കൊച്ചി: മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് പിന്തുണയുമായി എത്തി മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യ കുരുതിയോ എന്ന തലക്കെട്ടോടുകൂടിയാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാതിരുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്യം ഉണ്ടെന്ന് സമ്മതിക്കുകയാണോയെന്ന് ജോയ് മാത്യു ചോദിക്കുന്നു.

ജോയ് മാത്യുവിന്റെ ഫേസേബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം


നമുക്ക്‌ വേണ്ടത്‌ മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ? ഒരു സിനിമയിലെ പാട്ട്‌ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതയ്ക്കെതിരെ തങ്ങൾക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച്‌ എതിർക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ്‌ മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ്‌ എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട്‌ വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികൾക്കും ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ?