നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ സിനിമതാരം ദിലീപിനെതിരെ ആരോപണം ഉന്നയിച്ചത് ചലച്ചിത്രമേഖലയിലും പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഒഴികെ സംഘടനകളാരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും ചില താരങ്ങളും സംവിധായകരും നിലപാട് വ്യക്തമാക്കി രംഗത്തുണ്ട്.
ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യുവാണ്. പല വിഷയങ്ങളിലും പ്രതികരിക്കാറുള്ള ജോയ് മാത്യൂ ഈ വിഷയത്തില്‍ എന്താണ് പ്രതികരിക്കാത്തത് എന്ന് ചോദിച്ച് ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ത്തുന്നതിനിടെയാണ് ജോയ് മാത്യുവിന്‍റെ പ്രതികരണം.
ഇതില്‍ 'ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കുകയാണെന്ന് ജോയ് മാത്യു. മുഖ്യമന്ത്രി ഈ വാദത്തില്‍ ഉറച്ചു നില്‍കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കുമെന്ന് ജോയ് മാത്യു.
എനിക്ക് വിശ്വാസം മുഖ്യമന്ത്രിയെ മാത്രം
സിനിമയില്‍ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളില്‍ പ്രതികരിക്കുന്ന ആള്‍ എന്നതുകൊണ്ടും സിനിമാ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളോട് പ്രതികരിക്കാതെ ഞാന്‍ മൗനം പാലിക്കുന്നത് ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കാനോ അല്ലെങ്കില്‍ സിനിമയില്‍ അവസരങ്ങളോ സൗഹൃദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും മുഖ്യമന്ത്രിയെയും ഭരണത്തെയും വിമര്‍ശിക്കാന്‍ മാത്രമാണു ഞാന്‍ ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമര്‍ശിക്കുന്നു. എന്നാല്‍ ഒരു കാര്യം ഞാന്‍ ആവര്‍ത്തിച്ചു പറയട്ടെ,എനിക്ക് നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയാണു വിശ്വാസം അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതില്‍ ‘ഗൂഢാലോചന നടന്നിട്ടില്ലെന്ന് ഞാനത് വിശ്വസിക്കുന്നു. അദ്ദേഹം അതില്‍ ഉറച്ചു നില്‍കുന്ന കാലത്തോളം ഞാനും അത് തന്നെ വിശ്വസിക്കും. അതല്ലേ അതിന്റെ ശരി?
