പുതിയ പാട്ടുകാര്‍ ഒട്ടനവധി പിന്നണിഗാനരംഗത്തേക്ക് കടന്നുവരുമ്പോള്‍ എല്ലാവരെയും ഓര്‍ത്തുവയ്‌ക്കുക പ്രയാസകരം. പക്ഷേ ചില ശബ്ദങ്ങള്‍ എളുപ്പത്തില്‍ ശ്രോതാവിന്റെ മനസ്സ് കീഴടക്കും, കേള്‍ക്കും തോറും ആ ശബ്ദം ആഴത്തില്‍ പതിയും. ജൂബിന്‍ നൗട്ടിയാല്‍ എന്ന ഉത്തരാഖണ്ഡുകാരന്‍ അങ്ങനെയാണ്. 27 കാരനായ ഈ ഗായകന്റെ പാട്ടുകളാണ് ഇപ്പോള്‍ ബോളിവുഡ് ആഘോഷിക്കുന്നത്.

എ ആര്‍ റഹ്മാന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാടാന്‍ അവസരം തേടിയെത്തിയ ഒരു ഉത്തരാഖണ്ഡുകാരന്‍. ആ ചെറുപ്പക്കാരനോട് റഹ്മാന്‍ കാത്തിരിക്കാന്‍ പറഞ്ഞു. ആ കാത്തിരിപ്പ് വെറുതെയായില്ല. ഒരു സുവ‍ര്‍ണാവസരം തന്നെയായിരുന്നു ജുബിന്‍ നൗട്ടിയാലിനെ കാത്തിരുന്നത്. തന്റെ പഴയ സൂപ്പര്‍ഹിറ്റ് ഗാനം ഹമ്മ ഹമ്മയുടെ റീമിക്‌സിന് ശബ്‍ദമേകാന്‍ ഒകെ ജാനുവിലേക്ക് ഈ യുവഗായകനെ റഹ്‍മാന്‍ ക്ഷണിച്ചു.

തീര്‍ന്നില്ല.. ഹമ്മ ഹമ്മയ്‌ക്കൊപ്പം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇപ്പോള്‍ തകര്‍ത്ത് മുന്നേറുന്ന വേറെയും പാട്ടുകളുണ്ട് ജൂബിലിന്റെ വക. ഹൃത്വിക് ചിത്രം കാബിലില്‍ രാകേഷ് റോഷന്റെ സംഗീതത്തില്‍ ജൂബില്‍ പാടിയത് മൂന്ന് ഗാനങ്ങള്‍.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാബിലിലെ പ്രണയഗാനവും ജൂബിലിന്റെ ശബ്ദത്തില്‍ കൂടുതല്‍ മനോഹരമാകുന്നു. നാലാം വയസ്സില്‍ പാട്ടിന്റെ ലോകത്തെത്തിയതാണ് ജൂബിന്‍. ഗിറ്റാര്‍, പിയാനോ, ഹാര്‍മോണിയം എന്നിവയിലെല്ലാം പ്രാവീണ്യം നേടി. സ്കൂള്‍ പഠനത്തിന് ശേഷം സംഗീതലോകത്ത് അവസരങ്ങള്‍ തേടി മുംബൈയിലും പിന്നീട് ചെന്നൈയിലുമെത്തി . പ്രമുഖരുടെ കീഴില്‍ സംഗീതപഠനം. അതിനിടെ റിയാലിറ്റി ഷോകളിലൂടെയും ജൂബിന്‍ സംഗീതാസ്വാദകരുടെ ശ്രദ്ധനേടിത്തുടങ്ങി.

സിനിമ എന്ന വലിയ സ്വപ്നം പിന്തുടര്‍ന്ന ജുബിന് മുന്നില്‍ അവിടേക്കുള്ള വാതില്‍ തുറന്നുകിട്ടിയത് 2014ല്‍. സോനാലി കേബിള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. പിന്നീട് ഒരു പിടി ഗാനങ്ങള്‍. ബജ്റംഗിബായ് ജാനിലെ മെലഡി ഹിറ്റായതോടെ ജുബിനെ തേടി പ്രമുഖരുടെ ഓഫറുകളെത്തി. ഇന്ന് യുവഗായകരില്‍ ഏറ്റവും ആരാധകരുള്ള പാട്ടുകാരനായി മാറുകയാണ് ജുബിന്‍. ഹാഫ് ഗേള്‍ഫ്രണ്ട് അടക്കം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളില്‍ ഇനി ജുബിന്റെ ശബ്ദം കേള്‍ക്കാം.