ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജൂഡ് ആന്റണി ജോസഫ് ആണെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ സിനിമയുടെ ടൈറ്റില്‍ വന്നപ്പോള്‍ ജൂഡ് ആന്റണിയുടേതായിരുന്നില്ല തിരക്കഥാകൃത്തിന്റെ പേര്. എന്താണ് ഇതിന്റെ സത്യം? ജൂഡ് ആന്റണി ജോസഫ് തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"എന്താണ് ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയുടെ തിരക്കഥയില്‍ താങ്കളുടെ പേര് എഴുതി കാണിക്കാത്തത്'' എന്ന ചില മാധ്യമ സുഹൃത്തുക്കളുടെ അന്വേഷണത്തിന് ഒരു പൊതു മറുപടിയായി ഇതിനെ കാണണം. ഓശാനക്കും മുന്പ് ഞാന്‍ എഴുതിയ തിരക്കഥയാണ് ‘ഒരു മെക്സിക്കന്‍ അപാരത. കാശിന് ആവശ്യം വന്നപ്പോള്‍ തിരക്കഥ വില്‍ക്കാനുണ്ട് എന്ന എന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ കണ്ട്, എന്നെ വന്നു കണ്ടു സന്തോഷത്തോടെ നല്ലൊരു തുകയ്‍ക്ക് ആ തിരക്കഥ ടോം സ്വന്തമാക്കി. അദ്ദേഹം തന്നെ അതില്‍ മാറ്റങ്ങള്‍ വരുത്തി മറ്റൊരു തിരക്കഥക്ക് രൂപം നല്‍കി. ഇപ്പോഴത്തെ തിരക്കഥയില്‍ ഞാന്‍ എഴുതിയ ഒരു വരി പോലുമില്ല. അതുകൊണ്ട് ഞാനും ടോമും നിര്‍മാതാവും എന്‍റെ അടുത്ത സുഹൃത്തും കൂടിയായ അനൂപേട്ടനും കൂടി തീരുമാനിച്ചാണ് തിരക്കഥ എഴുതിയ ടോമിന്‍റെ പേരു വച്ചാല്‍ മതി എന്ന് തീരുമാനിച്ചത്. എന്‍റെ ഒരേ ഒരു contribution “ഒരു മെക്സിക്കന്‍ അപാരത’ എന്ന പേര് മാത്രമാണ്. ഒരു സൂപ്പര്‍ ഹിറ്റ്‌ സിനിമയ്ക്കു പേരിടാനുള്ള ഭാഗ്യവും എനിക്ക് കിട്ടി. ഇതാണ് ആ കഥ. :)