മുംബൈയിൽ ജസ്റ്റിൻ ബീബറിന് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കേട്ടാൽ ഞെട്ടും. രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിന്റെ മൂന്ന് നിലകൾ സ്വകാര്യവസതിയാക്കിമാറ്റിയാണ് ബീബറിന്റെ താമസം. മസാജ് ടേബിളും സോഫയും കുളിത്തൊട്ടിയുമടക്കം 10 വലിയ കണ്ടെയ്നറുകളിലാണ് ബീബറിന്റെ സാധനസാമഗ്രികൾ മുംബൈയിൽ എത്തിച്ചത്. താരത്തിനായി 29 സംസ്ഥാനങ്ങളിൽനിന്നുള്ള വിശിഷ്ട ഭക്ഷണങ്ങളും സഞ്ചരിക്കാൻ അത്യാഡംബറര കാറും ഹെലികോപറ്ററും റെഡിയാക്കി വച്ചിരിക്കുകയാണ്.

മുംബൈ കലീനാ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രി വന്നിറങ്ങിയ പോപ്പ് രാജകുമാരനുവേണ്ടി ഒരുക്കിയ അത്യാഡംബര സുഖസൗകര്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. ലോവർപരേലിലെ രണ്ടു പഞ്ചനക്ഷത്ര ഹോട്ടലിലെ മൂന്ന് നിലകളിലാണ് ബീബറും സംഘവും താമസം. ഹോട്ടലുകൾ പ്രത്യേകം മോടിപിടിപ്പിച്ചു. താരത്തിന്‍റെ ഇഷ്‍ടനിറമായ പർപ്ളിലാണ് മുറിയിലെ കാർപ്പെറ്റ് അടക്കമുള്ള അലങ്കാരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു ലിഫ്റ്റ് ബീബറിന് വേണ്ടിമാത്രം മാറ്റിവെച്ചിരിക്കുകയാണ്. സോഫ സെറ്റ്, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, കപ്ബോർഡ്, മസാജ് ടേബിൾ എന്നിവയെല്ലാം വലിയ കണ്ടെയ്നറുകളിലായി മുംബൈയിൽ എത്തിച്ചു. വിവിധങ്ങളായ എനർജി ഡ്രിംഗുകളും ഇഷ്ടപ്പെട്ട പഴങ്ങളും ലഘുഭക്ഷണങ്ങളും ഹോട്ടൽ മുറിയിൽ റെഡിയാണ്. 29 സംസ്ഥാനങ്ങളിലെ തനത് രുചിക്കൂട്ടിലുള്ള ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖരായ രണ്ട് ഷെഫുമാരാണ് ഭക്ഷണമൊരുക്കുന്നത്. ഓരോ നേരവും അഞ്ചു വീതം വ്യത്യസ്ത വിഭവങ്ങളൊരുക്കി അതിന് ജസ്റ്റിൻ ബീബറുടെ ജനപ്രിയ ഗാനങ്ങളുടെ പേരായിരിക്കും നൽകുക. ഹോട്ടലിനുപുറത്ത് സഞ്ചരിക്കാൻ റോൾസ് റോയ്സ് വാഹനം. സ്റ്റേഡിയത്തിലേക്ക് പോകാൻ ഹെലികോപ്ടർ. താരത്തിനൊപ്പമുള്ള 120 പേർക്ക് സഞ്ചരിക്കാൻ 10 അത്യാഢംബരകാറുകളും രണ്ട് വോൾവോബസ്സുകളും ഒരുക്കിക്കഴിഞ്ഞു. സംഗീതപരിപാടി നടക്കുന്ന ഡിവൈപാട്ടീൽ സ്റ്റേഡിയത്തിലും ബീബറിനായി പ്രത്യേകം സഞ്ജീകരണങ്ങൾ സംഘാടക‍ർ ഒരുക്കിയിട്ടുണ്ട്.