മാറുമറയ്‌ക്കാതെ സ്‌ത്രീകള്‍ നടന്ന കാലത്തു പോലും ഇപ്പോഴത്തേതുപോലെ സ്‌ത്രീകള്‍ക്കു നേരെ ക്രൂരത ഉണ്ടായിട്ടില്ലെന്ന് കെപിഎസി ലളിത. ജിഷയുടെ കൊലപാതകിയെ ഒരു നിയമത്തിനും വിട്ടുനല്‍കരുതെന്നും കെപിഎസി ലളിത പറഞ്ഞു. പത്തനാപുരത്ത് കെ ബി ഗണേഷ്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ പി എ സി ലളിത.

താര പോരാട്ടം നടക്കുന്ന പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ ബി ഗണേഷ്‍കുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് പെരുമ്പാവൂരിലെ ജിഷയ്‌ക്ക് നീതി ലഭ്യമാക്കണമെന്നും ജിഷയുടെ കൊലപാതകിയെ ഒരു നിയമത്തിനും വിട്ടു കൊടുക്കരുതെന്നും കെപിഎസി ലളിത പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ ഗണേഷ്‍കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് സിനിമാ സീരിയല്‍ താരങ്ങള്‍ പത്തനാപുരത്ത് എത്തി. മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളിലും മറ്റ് പ്രചാരണ പരിപാടികളിലുമാണ് താരങ്ങള്‍ ഗണേഷ്‍കുമാറിനായി വോട്ടഭ്യര്‍ത്ഥിക്കുന്നത്. തന്റെ മകനു വേണ്ടി വോട്ട് ചോദിക്കാനാണ് ഇക്കുറി പത്തനാപുരത്ത് എത്തിയിരിക്കുന്നതെന്നും ഇടത് സഹയാത്രികയും സിനിമാ താരവുമായ കെപിഎസി ലളിത പറ‍ഞ്ഞു.

കഴിഞ്ഞ 15 വര്‍ഷം എംഎല്‍എ എന്ന നിലയില്‍ ഗണേഷ്‍കുമാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളടങ്ങിയ ഡോക്യുമെന്ററി ചടങ്ങില്‍ കെപിഎസി ലളിത പ്രകാശനം ചെയ്‍തു.