ചെന്നൈ: രജനികാന്ത് ചിത്രമായ കബാലിയുടെ ആദ്യവാര കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിർമാതാവ് കലൈപുലി എസ് താണു. റീലീസ് ചെയ്ത ആദ്യ ആറുദിവസം കൊണ്ട് ചിത്രം 320 കോടി രൂപയാണ് കലക്ട് ചെയ്തതെന്ന് താണു അറിയിച്ചു. കബാലിയുടെ ആഗോള കലക്ഷനാണിത്. ചെന്നൈയില്‍ നടന്ന കബാലിയുടെ വിജയാഘോഷത്തിലാണ് താണു കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിൽ നിന്നെല്ലാം കബാലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും താണു പറഞ്ഞു. കബാലി ഉറപ്പായും 500 കോടി കലക്ട് ചെയ്യുമെന്നും താണു വ്യക്തമാക്കി. 2010ല്‍ റിലീസ് ചെയ്ത രജനി ചിത്രം യന്തിരന്റെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ കബാലി മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തമിഴ് സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത സിനിമയെന്ന റെക്കോര്‍ഡും കബാലി വൈകാതെ സ്വന്തമാക്കും.

40 കോടിയാണ് കബാലിയുടെ ആദ്യദിന ബോക്സ്ഓഫീസ് കലക്ഷൻ. ആഗോളതലത്തിൽ കലക്ഷൻ 70 കോടിയും. ഇന്ത്യയില്‍ നിന്ന് 166.5 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ആഗോള റിലീസ് വഴി 87.5 കോടി രൂപയും ചിത്രം കലക്ട് ചെയ്തു. അമേരിക്കയിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് 28 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം വാരിയത് 20.5 കോടി രൂപ. ഇതില്‍ ചെന്നൈ നഗരത്തിലെ മാത്രം കലക്ഷന്‍ ഏഴു കോടി രൂപയാണ്.100 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം റിലീസിന് മുമ്പെ സാറ്റ്‌ലൈറ്റ്, ഓഡിയോ അവകാശങ്ങള്‍ വിറ്റതുവഴി 220 കോടിയോളം സ്വന്തമാക്കിയിരുന്നു.