സൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന രജനീകാന്ത് ചിത്രം കബാലിക്ക് രണ്ടാം ഭാഗം വന്നേക്കും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച ചിത്രത്തിന്‍റെ ആഘോഷപരിപാടിക്കിടെയാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രജനീകാന്തിന്റെ മനസ്സറിയാന്‍ കാത്തിരിക്കുകയാണ് അണിയറക്കാര്‍.

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് രജനികാന്ത് ചിത്രമായ കബാലി അവസാനിക്കുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കുന്നതായിരുന്നു ക്ലൈമാക്‌സ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം ഒടുവില്‍ എത്തിയിരിക്കുന്നു. കബാലിക്ക് രണ്ടാം ഭാഗം വരുമെന്ന് സ്ഥരീകരിച്ചിരിക്കുകയാണ് സംവിധായകന്‍ പാ രഞ്ജിത്ത്. പ്രേക്ഷകര്‍ നല്‍കിയ ഉജ്ജ്വല സ്വീകരണം തന്നെയാണ് തീരുമാനത്തിന് കാരണം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ആഘോഷ പരിപാടിക്കിടെയാണ് പാ രഞ്ജിത്ത് ഇക്കാര്യം അറിയിച്ചത്. കബാലിയുടെ നിര്‍മ്മാതാവായ കലെയ്പുളി എസ് തനുവും സമ്മതം അറിയിച്ചിട്ടുണ്ട്. ഇനി എല്ലാവരും കാത്തിരിക്കുന്നത് സ്റ്റൈല്‍മന്നന്റെ പ്രതികരണത്തിന് വേണ്ടിയാണ്. രജനീകാന്ത് വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കബാലീശ്വരനായി താരചക്രവര്‍ത്തി വീണ്ടും അവതരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാലോകം.