കേരളത്തിന് സ്വന്തമായൊരു കപ്പൽ എന്ന ചരിത്രമുഹൂർത്തത്തിന്റെ ആരവം കെട്ടടങ്ങുന്നതിന് മുൻപ് തന്നെ മലയാളികളെ ഞെട്ടിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത 'കൈരളി' എന്ന കപ്പലിന്റെ കഥ സിനിമയാകുന്നു. മലയാളത്തിൽ ഒട്ടേറെ മികച്ച ചിത്രങ്ങളിൽ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ള ജോമോൻ ടി ജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് 'കൈരളി' എന്ന പേരിട്ടിരിക്കുന്ന ചിത്രം. സിദ്ധാർത്ഥ ശിവ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കൈരളി കപ്പൽ സഞ്ചരിച്ച വഴികളിലൂടെ ചരിത്ര സംഭവങ്ങളെയും നിഗമനങ്ങളെയും കോർത്തിണക്കിയാണ് ചിത്രം വികസിക്കുന്നത്. കേരളം, ഗോവ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമെ സൊമാലിയയുടെ അയൽരാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ കൂടി ചിത്രീകരണം നടക്കും. വർത്തമാനക്കാലവും ആയിരത്തിത്തൊള്ളായിരത്തി എഴുപത് - എൺപത് കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു. റിയൽ ലൈഫ് വർക്സും പോളി ജൂനിയര്‍ പിക്ചേഴ്സും ചേർന്ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ തുടങ്ങും.