കൊച്ചി: നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനാ കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിനെ കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ് ജയിലിലെത്തിയാണ് ഷാജോണ്‍ ഇന്ന് രാവിലെ ദിലീപിനെ കണ്ടത്. പത്തു മിനിറ്റാണ് സന്ദര്‍ശനത്തിന് സമയം അനുവദിച്ചത്. കൂടുതലൊന്നും സംസാരിച്ചില്ലെന്ന് സന്ദര്‍ശനത്തിന് ശേഷം ഷാജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ വൈകുന്നേരം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി എന്നിവര്‍ ജയിലിലെത്തിയിരുന്നു. നടന്‍ നാദിര്‍ഷായും ഇന്നലെ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലിലെത്തി. ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനും ദിലീപ് നീക്കം തുടങ്ങിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപോക്ഷ തള്ളിയിരുന്നു. ശനിയാഴ്ച, നടന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ അങ്കമാലി മജിസ്‍ട്രേറ്റ് കോടതി നീട്ടിയിരുന്നു. ഇതിനിടെ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത് അനുകൂല ഘടകമായി കണക്കാക്കിയാണ് വീണ്ടും ഹര്‍ജി നല്‍കുന്നത്.