കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്‍ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് ഭാവന വെള്ളിത്തിരയിലേക്ക് എത്തിയത്. അതിലെ പരിമളം എന്ന കഥാപാത്രത്തെ മികച്ചതാക്കി ഭാവന പ്രേക്ഷകപ്രിയം നേടുകയും ചെയ്‍തു. ഇപ്പോഴിതാ കലവൂര്‍ രവികുമാറിന്റെ കുട്ടികളുടെ സൂക്ഷിക്കുക എന്ന സിനിമയിലെ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഭാവന. ഭാവനയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും സിനിമയിലെ ഷാഹിദ എന്നാണ് കലവൂര്‍ രവികുമാര്‍ പറയുന്നത്. 'ഭാവന നടത്തിയ മോഷണം' എന്ന തലക്കെട്ടില്‍ കലവൂര്‍ രവികുമാര്‍ അക്കാര്യം പറയുന്നു.
കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭാവന നടത്തിയ മോഷണം
----------------------------------------
പരിമളത്തെ ഓർമ്മയില്ലേ ?
നമ്മളിലെ ഭാവനയുടെ പരിമളം.
അന്ന് ദേഹം മുഴുവൻ കറുപ്പടിച്ചപ്പോൾ ഭാവന കരഞ്ഞതു ഞാൻ ഓർക്കുന്നു. ആ കരച്ചിൽ ചിത്രം റിലീസായപ്പോൾ ചിരിയായി മാറി . അതിലെ നായികയേക്കാൾ ജനഹൃദയം തൊട്ടതു പരിമളം ആയിരുന്നല്ലോ. എന്നാൽ പരിമളത്തിന്‍റെ പാത്രസൃഷ്ടിയിൽ എന്നേക്കാൾ വലിയ പങ്കു ചിത്രത്തിന്‍റെ സംവിധായകനായ കമൽ സാറിനാണ്. അദ്ദേഹം മദ്രാസ് ജീവിതകാലത്ത് അത്തരമൊരു കുട്ടിയെ നിരീക്ഷിച്ചിരുന്നു. പരിമളത്തിനു അങ്ങനെയാണു മിഴിവുണ്ടായത്.
പക്ഷെ പരിമളം ഭാവനയിൽ പിന്നെയും പിന്നെയും ആവർത്തിക്കപ്പെടുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. വലിയ പ്രതിഭയായിട്ടും ഭാവനയ്ക്കു നമ്മൾ പരിമളം റോളുകളാണു നൽകുക.
ഈ ചിത്രത്തിൽ അങ്ങനെയല്ല എന്നു ഞാൻ കരുതുന്നു.
ഇതിൽ ഭാവന തന്‍റെ നടനജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ കണ്ടെടുത്തു എന്നാണു ഞാൻ വിചാരിക്കുന്നത്.
തിരക്കഥയിലെ ഷാഹിദ എന്‍റേതായിരുന്നു. ചിത്രീകരണ വേളയിൽ ഷാഹിദയെ ഭാവന കട്ടെടുത്തു.
'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലെ ഷാഹിദ എന്ന കഥാപാത്രം ഭാവനയുടെ സ്വന്തമാണു സത്യം. ചിത്രം ഇറങ്ങുമ്പോൾ അതു എല്ലാവർക്കും ബോദ്ധ്യമാകും..
കടപ്പാട്- കലവൂര്‍ രവികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
