പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന 'എസ്കെ15' എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ.
ചെന്നൈ: നടിയും സംവിധായകൻ പ്രിയദർശന്റെ മകളുമായ കല്യാണിയുടെ രണ്ടാമത്തെ തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന 'എസ്കെ15' എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ട്വിറ്ററിലൂടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കല്യാണി തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
ചിത്രത്തിൽ അർജുൻ സാർജയാണ് വില്ലനായി എത്തുന്നത്. മാർച്ച് 13 ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 24 എഎം സ്റ്റുഡിയോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിശാൽ നായകനായെത്തിയ ‘ഇരുമ്പു തിരൈ’ ആണ് പിഎസ് മിത്രൻ സംവിധാനം ചെയ്ത ആദ്യ ചിത്രം.
കല്യാണിയുടെ അരങ്ങേറ്റ ചിത്രമായ ‘വാൻ’ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ആർ എ കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്‍റെ സിംഹ’ ത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്.
