ട്വിറ്റർ താത്കാലികമായി റദ്ദാക്കിയ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് തിരിച്ചുതന്നില്ലെങ്കിൽ ജീവനൊടുക്കുമെന്ന് വിവാദ സിനിമാ നിരൂപകൻ കമാൽ ആർ. ഖാന്റെ ഭീഷണി. 15 ദിവസത്തിനുള്ളിൽ അക്കൗണ്ട് തിരിച്ചുകിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കുന്ന കെആർകെ, ട്വിറ്റർ ഉദ്യോഗസ്ഥരായിരിക്കും തന്റെ മരണത്തിനു കാരണക്കാരെന്നും മുന്നറിയിപ്പ് നൽകുന്നു. നേരത്തെ, ട്വിറ്ററിനതിരേ നിയമനടപടി സ്വീകരിക്കുമെന്നു കെആർകെ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഈ നീക്കത്തിൽനിന്നു പിൻമാറിയാണു പുതിയ ഭീഷണി.
ബോളിവുഡ് താരം ആമിർ ഖാന്റെ പരാതിയെ തുടർന്നാണ് കെആർകെയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. തന്റെ പുതിയ ചിത്രമായ സീക്രട്ട് സൂപ്പർസ്റ്റാറിന്റെ ക്ലൈമാക്സ് കെആർകെ വെളിപ്പെടുത്തിയതാണ് ആമിറിനെ പ്രകോപിപ്പിച്ചത്. ദീപാവലി ദിനത്തിലാണു കെ.ആർ.കെയുടെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്തത്.
റിലീസ് സിനിമകളുടെ നിരൂപണം റിലീസിനു മുന്പേ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചാണ് കെആർകെ കുപ്രദ്ധിയിലേക്കുയരുന്നത്. നടൻ മോഹൻലാലിനെ പരിഹസിച്ചും ഇയാൾ ട്വിറ്ററിൽ ചീത്തവിളി വാങ്ങിക്കൂട്ടിയിരുന്നു.
