അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രകാശ് രാജിന്റെ തീരുമാനത്തെ പ്രശംസിച്ച് കമല്‍ ഹാസന്‍. 'എന്റെ സുഹൃത്ത് പ്രകാശ് രാജിന്റെ രാഷ്ട്രീയ യാത്രയ്ക്ക് എല്ലാ ആശംകസളും. പറഞ്ഞത് പ്രവര്‍ത്തിച്ചതിന് നന്ദി', കമല്‍ ട്വിറ്ററില്‍ കുറിച്ചു.

പുതുവത്സരാശംസകള്‍ക്കൊപ്പം രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയ പ്രകാശ് രാജ് കഴിഞ്ഞ ദിവസം മത്സരിക്കുന്ന മണ്ഡലം ഏതെന്നും വ്യക്തമാക്കിയിരുന്നു. ബംഗളൂരു സെന്‍ട്രല്‍ മണ്ഡലമാണ് മത്സരിക്കാനായി പ്രകാശ് രാജ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ഛയായും മത്സരിക്കുമെന്ന് 'മക്കള്‍ നീതി മയ്യം' എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ കമല്‍ഹാസനും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റി ഉടന്‍ കൂടുമെന്നും തമിഴ്‌നാട്ടിലെ വികസമപ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഊന്നല്‍ നല്‍കുമെന്നും കമല്‍ പറഞ്ഞിരുന്നു. എന്നാല്‍ സഖ്യരൂപീകരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് കമല്‍ ഒഴിഞ്ഞുമാറിയിരുന്നു.