"റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല" 

വിജയ്‌യുടെ ദീപാവലി റിലീസ് സര്‍ക്കാരിനെതിരേ ഭരണകക്ഷിയായ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ കമല്‍ഹാസന്‍. എഐഎഡിഎംകെ സര്‍ക്കാര്‍ ഒരു സിനിമയ്‌ക്കെതിരേ ഇത്തരത്തില്‍ തിരിയുന്നത് ആദ്യമല്ലെന്നും വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴുമെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

"റിലീസ് ചെയ്യാന്‍ ആവശ്യമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരേ ഈ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ല. ഈ അധികാരികള്‍ താഴെ വീഴുകതന്നെ ചെയ്യും. അന്തിമവിജയം നീതിമാന്മാരുടേതായിരിക്കും." കമല്‍ കുറിച്ചു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെ 'സര്‍ക്കാരി'നെതിരേ തിരിഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന ചില പദ്ധതികളെ ചിത്രം പരിഹസിക്കുന്നുണ്ടെന്നും എഐഎഡിഎംകെ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ തീയേറ്ററുകളിലുള്ള ചിത്രത്തില്‍നിന്നും വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിജയ് ഒരു നക്‌സലൈറ്റ് ആണെന്നും അദ്ദേഹത്തിന്റെ പുതിയ ചിത്രം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണെന്നുമായിരുന്നു തമിഴ്‌നാട് നിയമ മന്ത്രി സി വി ,ണ്‍മുഖത്തിന്റെ പ്രതികരണം.