ചെന്നൈ: ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രതികരണങ്ങൾ നിഷേധിച്ച് നടൻ കമൽ ഹാസൻ. ഇതേവരെ താൻ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമൽ ഹാസൻ പ്രതികരിച്ചത്.
തന്റെ പ്രതികരണം എന്ന പേരിൽ ആരോ വാർത്തകൾ കെട്ടിച്ചമയ്ക്കുകയാണ്. ഈ അവസരത്തിൽ തന്‍റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തിൽ താൻ കൂടുതൽ ഒന്നും പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല– കമൽ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസമാണ് കമലുമായി പിരിയുന്ന വിവരം നടി കൂടിയായ ഗൗതമി തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടത്. 2005 മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചത്.
