തീവ്ര കന്നഡ സംഘടനകളാണ് വിലക്ക് ഭീഷണി മുഴക്കുന്നത്
രജനീകാന്തിന്‍റെ പാ.രഞ്ജിത്ത് ചിത്രം കാല, കര്‍ണാടകയില്‍ നേരിടുന്ന വിലക്കിനോട് മുഖംതിരിച്ച് കമല്‍ഹാസന്‍. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കാവേരി തര്‍ക്കം സംബന്ധിച്ച് ഇന്നലെ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് കാലയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാതെ കമല്‍ ഒഴിഞ്ഞുമാറിയത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയോ എന്നുള്ള ചോദ്യത്തിന് കാവേരി നദീജലത്തര്‍ക്കമായിരുന്നു ചര്‍ച്ചാവിഷയമെന്നും സിനിമകളേക്കാള്‍ വലുതാണ് ഇരുസംസ്ഥാനങ്ങള്‍ക്കുമിടയില്‍ തുടരുന്ന ഈ വിഷയമെന്നുമായിരുന്നു കമലിന്‍റെ പ്രതികരണം.
കാവേരി വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പ്രശംസ ലഭിക്കുമ്പോഴും കാലയുടെ വിലക്കിനെക്കുറിച്ച് സംസാരിക്കാതിരുന്ന കമലിന്‍റെ നടപടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിപ്പെടുന്നുണ്ട്. മുന്‍പ് കമലിന്‍റെ വിശ്വരൂപത്തിന് വിലക്ക് നേരിട്ടപ്പോള്‍ പിന്തുണയുമായെത്തിയ ആളാണ് രജനിയെന്നും ഇപ്പോള്‍ രജനിയുടെ ചിത്രം സമാന അവസ്ഥ നേരിടുമ്പോള്‍ പുലര്‍ത്തുന്ന മൗനം ശരിയല്ലെന്നുമാണ് വിമര്‍ശനം.
കാവേരി വിഷയത്തില്‍ രജനി മുന്‍പ് നടത്തിയ പ്രസ്താവന കര്‍ണാടകയിലെ ജനത്തെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ആരോപിച്ചാണ് തീവ്ര കന്നഡ സംഘടനകള്‍ കാലയ്ക്ക് സംസ്ഥാനത്ത് വിലക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.
