ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ പരോക്ഷമായി എതിര്‍ത്ത് കമല്‍ ഹാസന്‍. നിലവിലെ രാഷ്ട്രീയരംഗത്തെ അവസ്ഥ നോക്കിയാല്‍ പുതുതായി ആരും രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ലാത്തതാണ്. അത്ര മോശമാണ് രാഷ്ട്രീയരംഗത്തെ സ്ഥിതിയെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിക്കുകയായിരുന്നു കമല്‍.

രാഷ്ട്രീയത്തെക്കുറിച്ച് രജനീകാന്തിന്റെ അഭിപ്രായത്തില്‍ തെറ്റില്ല. രാഷ്ട്രീയത്തെക്കുറിച്ച് പുതുതായി ഉയരുന്ന അഭിപ്രായവുമല്ല അത്. തമിഴ് വംശജനല്ലാത്ത ഒരാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ല. തന്നെ മലയാളികള്‍ സ്വന്തം നാട്ടുകാരനായി കരുതാറുണ്ട്. താനൊരിക്കലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരില്ല. 21 ആം വയസ്സുമുതല്‍ വോട്ട് ചെയ്ത് രാഷ്ട്രീയം രേഖപ്പെടുത്തുന്ന സാധാരണ വോട്ടര്‍ മാത്രമാണ് താനെന്നും കമല്‍ പറഞ്ഞു.