ചെന്നൈ: തന്‍റെ പിറന്നാള്‍ ദിനം ചെന്നൈയിലെ കൊടും മഴയില്‍ വലഞ്ഞവര്‍ക്കായി മാറ്റിവയ്ക്കാനൊരുങ്ങുകയാണ് കമല ഹാസന്‍. കൊടും മഴയില്‍ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായ ചെന്നൈയിലെ പള്ളിക്കരണി പിറന്നാള്‍ ദിനത്തില്‍ കമല ഹാസന്‍ സന്ദര്‍ശിക്കും. നാളത്തെ പിറന്നാള്‍ ദിനാഘോഷങ്ങളാണ് ദുരിതത്തില്‍ അകപ്പെട്ടവര്‍ക്കായി താരം മാറ്റിവെയ്ക്കുന്നത്. കമല ഹാസന്‍റെ വെല്‍ഫെയര്‍ മൂവ്മെന്‍റ് ആയ നര്‍പാണി ഇയകത്തിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപിലും കമല ഹാസന്‍ പങ്കെടുക്കും. കനത്ത പേമാരിയെ തുടര്‍ന്നുണ്ടായ നഷ്ടം നികത്തുന്നതിനായി അഞ്ച് ലക്ഷം രൂപ സംഭവാന നല്‍കുമെന്ന് കമല ഹാസന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.