ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മികച്ച ചിത്രമായി തെര!ഞ്ഞെടുക്കപ്പെട്ട ബാഹുബലിയുടെ സംവിധായകന്‍ എസ് എസ് രാജമൗലിയും ബോളിവുഡ് ബിഗ് ബജറ്റ് ചരിത്രസിനിമ ബാജി റാവ് മസ്താനിയിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് ലീലാ ബന്‍സാലിയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

പികുവിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം അമിതാഭ് ബച്ചനും തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലൂടെ കങ്കണ റണൗത്തും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. ഫീച്ചര്‍ വിഭാഗത്തില്‍ മലയാളം ആറ് പുരസ്‌കാരങ്ങളാണ് നേടിയത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ എം ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനും സു സു സുധി വാത്മീകത്തിലൂടെ ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിനുമുള്ള പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി. ബെന്നിലൂടെ ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി. 

മികച്ച സാമൂഹ്യചിത്രത്തിനുള്ള പുരസ്‌കാരം നിര്‍ണായകത്തിലൂടെ വി കെ പ്രകാശും പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം വലിയ ചിറകുളള പക്ഷികളിലൂടെ ഡോ. ബിജുവും സ്വീകരിച്ചു. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളം മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. 

മികച്ച ഹ്രസ്വചിത്രമായി ക്രിസ്റ്റോ ടോമിയുടെ കാമുകി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നീലന്റെ അമ്മ എന്ന ഡോക്യുമെന്‍ററി പ്രത്യേകപരാമര്‍ശം നേടി. തല മുതിര്‍ന്ന ചലച്ചിത്രകാരന്‍ മനോജ് കുമാറിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നതബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമര്‍പ്പിച്ചു.