കങ്കണാ റണാവത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ക്വീന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ കഥ അവസാനഘട്ട മിനുക്കുപണിയിലാണെന്നാണ് വിവരം.

സ്വന്തം വ്യക്തിത്വം കണ്ടെത്തുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പാണ് പുരോഗമിക്കുന്നത്. ചിത്രം നിര്‍മ്മിച്ച ഫാന്റം ഫിലിംസ് തന്നെ ഇതിന് മുന്‍കയ്യെടുത്തതായാണ് വിവരം. സംവിധാകന്‍ വികാസ് ബാഹ്‍ല്‍ പുതിയ ആശയം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ കഥയുടെ പൂര്‍ണരൂപം ഇനിയും ആയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായ ശേഷം മാത്രമേ കങ്കണയുമായി രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കൂ. 100 കോടി രൂപയുടെ കളക്ഷന്‍ കൊയ്‍ത ക്വീനിന് രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ ശക്തമായ തിരക്കഥ തന്നെ വേണമെന്ന അണിയറ പ്രവര്‍ത്തകര്‍ക്ക നിര്‍ബന്ധമുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തിയ കങ്കണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. തന്മയത്വത്തോടെയുള്ള അഭിനയത്തിന് ദേശീയ അവാര്‍ഡും കിട്ടി. 2014ലെ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ക്വീന്‍ നേടിയിരുന്നു.