ആലിയയുടെ അഭിനയത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല

മുംബൈ:കളക്ഷനിലും പ്രേക്ഷ പ്രശംസയിലും വളരെ മുന്നിലാണ് ആലിയ ഭട്ടിന്‍റെ ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം 'റാസി'. ഇറങ്ങുന്നതിന് മുമ്പ് തന്നെ സിനിമയെക്കുറിച്ച് വന്‍ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്ക്. അതെല്ലാം ശരിയാണെന്ന വിധത്തിലാണ് നിരൂപക പ്രശംസയടക്കം വന്നിരിക്കുന്നത്. ഏറ്റവം ഒടുവിലായി ബോളിവുഡിന്‍റെ 'ക്വീന്‍' കങ്കണ റണൗത്തും ആലിയയെ പ്രശംസകള്‍ക്കൊണ്ട് മൂടിയിരിക്കുകയാണ്. ആരാലും എതിര്‍ക്കപ്പെടാത്ത ക്വീന്‍ ആണ് ആലിയയെന്ന് കങ്കണ പറഞ്ഞു.

 റാസി തനിക്ക് ഇഷ്ടമായെന്നും സംവിധായക മേഘ്ന ഗുല്‍സാര്‍ മികച്ചെന്നും പറഞ്ഞ കങ്കണ ആലിയയെക്കുറിച്ചാണ് വാചാലയായത്. ചിത്രത്തിലെ ആലിയയുടെ അഭിനയത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും അത്ര നന്നായാണ് ആലിയ ചെയ്തിരിക്കുന്നതെന്നും കങ്കണ പറഞ്ഞു.

ആലിയയും സംവിധായകയും തന്നെ ചിത്രം കാണാന്‍ വിളിച്ചെങ്കിലും ചിത്രീകരണ തിരക്കുകള്‍ മൂലം പോകാന്‍ കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ താന്‍ ഉറപ്പായും ചിത്രം കാണുമെന്ന് അവര്‍ക്ക് വാഗ്ദാനം നല്‍കുകയുമായിരുന്നെന്ന് കങ്കണ പറഞ്ഞു. എന്തായാലും ആലിയക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് മെസേജ് അയക്കാന്‍ ഒരുങ്ങുകയാണ് കങ്കണ.