കങ്കണ റണാവത്തിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരവിഷയം. രംഗൂണ്‍ എന്ന സിനിമയില്‍ ചിത്രത്തില്‍ നര്‍ത്തകിയുടെ വേഷത്തില്‍ എത്തുന്ന കങ്കണ സിനിമയ്‌ക്ക് വേണ്ടി വലിയ ഗൃഹപാഠം ചെയ്തിരുന്നു.

കശ്‍മീര്‍ പശ്ചാത്തലമായ ഹൈദരിന് ശേഷം വിശാല്‍ ഭരദ്വാജ് ഒരുക്കുന്ന രംഗൂണ്‍ 1940കളില്‍ നടക്കുന്ന കഥയാണ്. രണ്ടാം ലോകമഹായുദ്ധമാണ് പശ്ചാത്തലം. യുദ്ധവും പ്രണയവും സംഗീതവും
ഇഴചേരുന്ന സിനിമയില്‍ കങ്കണ എത്തുന്നത് ജൂലിയ എന്ന നര്‍ത്തകിയായി.

കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകള്‍ തന്നെ കങ്കണനടത്തി. ന്യൂയോര്‍ക്കില്‍ പോയി കുറച്ച് നാള്‍ താമസിച്ചു. അവിടെ പ്രശസ്ത നാടകകൂട്ടായ്മയായ ബ്രോഡ് വേയില്‍ പഠനവും ഗവേഷണവും. നൃത്തച്ചുവടുകള്‍ പരിശീലിച്ചു. പിന്നീട് മെക്‌സിക്കന്‍ ദ്വീപില്‍ ഒറ്റയ്‌ക്ക് താമസവും.

കങ്കണയുടെ അധ്വാനം രംഗൂണിലെ ആദ്യഗാനത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വീഡിയോ പുറത്തുവന്നതിന് ശേഷമുള്ള നിരൂപകരുടെ വിലയിരുത്തല്‍. നോര്‍വേക്കാരനായ സുദേഷ് അധാനയാണ് കങ്കണക്ക് വേണ്ടി നൃത്തച്ചുവടുകള്‍ ചിട്ടപ്പെടുത്തിയത്. ഒരു മാസം നീണ്ട പരിശീലനത്തിന് ശേഷമായിരുന്നു ചിത്രീകരണം, വിശാല്‍ ഭരദ്വാജ് തന്നെ ആണ് ബ്ലഡി ഹെല്‍ എന്ന് തുടങ്ങുന്ന പാട്ടിന് ഈണമിട്ടത്.

സിനിമയില്‍ അതിപ്രധാനമായ മൂന്ന് നൃത്തരംഗങ്ങളുണ്ടെന്നും ജൂലിയ എന്ന കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും കങ്കണ പറയുന്നു. രണ്ടു തവണ ദേശീയ അവാര്‍ഡ് നേടിയ താരസുന്ദരിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ ആകും രംഗൂണ്‍ എന്നതില്‍ സംശയമില്ല. ഷാഹിദ് കപൂര്‍ , സെയ്ഫ് അലി ഖാന്‍ എന്നിവര്‍ നായകന്‍മാരാകുന്ന രംഗൂണ്‍ ഫെബ്രുവരി 24നാകും തീയറ്ററുകളിലെത്തുക.