ബംഗലൂരു: കന്നഡ നടി അവന്തിക ഷെട്ടി നിര്‍മാതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത്. കന്നഡ നിര്‍മ്മാതാവ് കെ.സുരേഷിനെതിരെയാണ് അവന്തിക ആരോപണവുമായി എത്തിയിരിക്കുന്നത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നടി ആരോപണം ഉന്നയിച്ചത്.

നിര്‍മാതാവില്‍ നിന്ന് വളരെ മോശമായ അനുഭവമാണ് തനിക്ക് ഉണ്ടായതെന്നും ഇനി മറ്റൊരു പെണ്‍കുട്ടിക്കും തന്‍റെ അനുഭവം ഉണ്ടാകരുതെന്നും അവര്‍ പറയുന്നു. സിനിമാലോകത്ത് സ്ത്രീകള്‍ സുരക്ഷിതാരോ എന്നും തന്‍റെ കുറിപ്പില്‍ അവന്തിക ചോദിക്കുന്നു. ദേഷ്യം കൊണ്ടല്ല, അങ്ങേയറ്റത്തെ നിരാശ കൊണ്ടാണ് ഞാന്‍ ഈ കത്തെഴുതുന്നത്. 
സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായി കാണുന്ന സിനിമാലോകത്തെ ചില പുരുഷന്മാരുടെ കാഴ്ചപ്പാടിന്‍റെ ഇരയാണ് താനുമെന്നും താരം വ്യക്തമാക്കുന്നു. എന്നാല്‍ ഒരുപാട് നല്ല സിനിമാക്കാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. സുരേഷിന്റെ അടുത്ത് അതായിരുന്നില്ല അവസ്ഥ. 

ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അനുഭവമാണ് അതെന്നും താരം വെളിപ്പെടുത്തുന്നു. സംവിധായകനും നിര്‍മാതാവിനും എന്റെ അഭിനയമായിരുന്നില്ല വേണ്ടത്. അതുകൊണ്ടു തന്നെ തുടക്കം മുതല്‍ തന്നെ പ്രശ്നങ്ങളായിരുന്നു. നിര്‍മാതാവിനെ പൊതുജനമധ്യത്തിലേയ്ക്ക് വലിച്ചിഴച്ച് നാറ്റിക്കണമെന്ന് എനിക്ക് ഉദ്ദേശ്യമില്ല. 

അദ്ദേഹം എനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ മറുപടി നല്‍കുന്നത്. ഇത്തരമൊരു സാഹചര്യത്തിലൂടെ ഇനി മറ്റൊരു പെണ്‍കുട്ടിക്ക് കടന്നുപോകേണ്ടിവരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ എഴുതിയതെന്നും അവന്തിക ഫേസ്ബുക്കില്‍ കുറിച്ചു.