ഹണി ആര്‍ കെ
റെയില്‍വേ പ്ലാറ്റ്ഫോമില്‍ ജീവിതം കുരുങ്ങിപ്പോകുന്ന കുട്ടികളുടെ കഥ പറയുന്ന സിനിമയാണ് റെയില്‍വേ ചില്‍ഡ്രണ്‍. കന്നഡ ചിത്രമായ റെയില്‍വേ ചില്‍ഡ്രണ്‍ പൃഥ്വി ആണ്. ചിത്രത്തെ കുറിച്ച് പൃഥ്വി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് സംസാരിക്കുന്നു.
റെയില്‍വേ ചില്‍ഡ്രന്‍ എന്ന സിനിമയുടെ ആശയം വന്നത് എങ്ങനെയാണ്?
സതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് സിനിമയുടെ ആശയം രൂപപ്പെട്ടത്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കണ്ടെത്തുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഈ എന്‍ജിഒ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവരുടെ അനുഭവങ്ങളും പഠനങ്ങളും സിനിമയ്ക്ക് സഹായകരമായി. ലളിത അയ്യരും മാല്‍കോം ഹാര്‍പറും എഴുതിയ റെസ്ക്യൂയിംഗ് റയില്‍വേ ചില്‍ഡ്രന്‍ എന്ന ഗവേഷണ ഗ്രന്ഥവും സിനിമയ്ക്ക് പ്രചോദനമായി.
സമാനവിഷയങ്ങളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ നിന്ന് നിങ്ങളുടെ ചിത്രം വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?
ലൈംഗിക ദുരുപയോഗം, അതിക്രമങ്ങള്‍, ദുശ്ശീലം, ലഹരി ഉപയോഗം, പുനരധിവാസം, ലിംഗപദവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലൂടെ സൂക്ഷ്മമായി സിനിമ കടന്നു പോകുന്നുണ്ട്.
പുതുമുഖങ്ങളായി നിരവധി കുട്ടികള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടല്ലോ. മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ഒരു കുട്ടി നേടുകയുണ്ടായി. സിനിമയിലേക്കുള്ള അഭിനേതാക്കളെ എങ്ങനെയാണ് കണ്ടെത്തിയത്? അവരെ പരിശീലിപ്പിച്ചത് എങ്ങനെയായിരുന്നു?
നോര്‍ത്ത് ബെംഗളൂരുവിലെ വിവിധ കോളേജുകള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ ഓഡിഷനുകളിലൂടെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. പിന്നീട് ഇവര്‍ക്കായി ഡോണ്‍ ബോസ്കോ ക്യാമ്പസില്‍ വച്ച് പ്രത്യേക ശില്‍പശാല നടത്തി.
നിങ്ങളുടെ കഴിഞ്ഞ ചിത്രവും കുട്ടികളെ അധികരിച്ചുള്ളതായിരുന്നു. ഇത്തരമൊരു തെരഞ്ഞെടുപ്പ് മനഃപൂര്‍വമാണോ? പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടോ ഇതിന് പിന്നില്‍?
അങ്ങനെയൊന്നുമില്ല. കഴിഞ്ഞ സിനിമ കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍, പുതിയ ചിത്രം കുട്ടികളെ വച്ച് ചെയ്തതാണെങ്കിലും ചിത്രം അഭിസംബോധന ചെയ്യുന്നത് മുതിര്‍ന്നവരെയാണ്. രണ്ട് ചിത്രങ്ങള്‍ക്കും വ്യത്യസ്തമായ കഥകളും വ്യത്യസ്തമായ സമീപനവുമാണ്.
സാമൂഹ്യപ്രസക്തമായ വിഷയമാണ് നിങ്ങളുടെ ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു മാധ്യമം എന്ന നിലയില്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിക്കും. സിനിമയ്ക്ക് ലഭിച്ച പ്രതികരണം എപ്രകാരമായിരുന്നു?
ചലച്ചിത്രമേളകളില്‍ നിന്നും ജൂറി, നിരൂപകര്‍ എന്നിവരില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയ്യറ്ററുകളില്‍ ചിത്രം ഇതു വരെയും പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടല്ല. പരിമിതമായ പ്രദര്‍ശനങ്ങളെ ഇതു വരെ നടത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അവിടെ നിന്നെല്ലാം ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
ചിത്രീകരണത്തെക്കുറിച്ച് പങ്കു വയ്ക്കാമോ?
ബംഗളൂരുവിലെ യശ്വന്ത്പൂര്‍ റയില്‍വേ സ്റ്റേഷനിലായിരുന്നു പ്രധാനമായും ചിത്രീകരണം നടന്നത്. ഇരുപതിലധികം ദിവസം ഷൂട്ടിംഗ് നടന്നു. അഭിനേതാക്കള്‍ക്ക് നേരത്തെ പരിശീലനക്കളരി നടത്തിയിരുന്നതിനാല്‍, വലിയ കുഴപ്പങ്ങളില്ലാതെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
മലയാള സിനിമ കാണാറുണ്ടോ? മലയാള സിനിമയെക്കുറിച്ച് എന്താണ് അഭിപ്രായം?
ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട വളരെ കുറച്ച് ചിത്രങ്ങളെ ഞാന്‍ കണ്ടിട്ടുള്ളൂ. അതിനാല്‍, മലയാള സിനിമയെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ എനിക്ക് സാധിക്കില്ല. എങ്കിലും മലയാളത്തില്‍ സജീവമായി നിലനില്‍ക്കുന്ന സമാന്തര സിനിമാസംസ്‍ക്കാരത്തോടും പ്രേക്ഷകരില്‍ നിന്നും താരങ്ങളില്‍ നിന്നും അത്തരം സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളോടും ആരാധന തോന്നിയിട്ടുണ്ട്.
സമാന്തര സിനിമയ്ക്ക് പ്രേക്ഷകരെ ലഭിക്കുന്നില്ലെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ? അത്തരം സിനിമകളെ കാണികളിലേക്ക് എത്തിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും?
നിര്‍ഭാഗ്യവശാല്‍, റിലീസിംഗ് ആഴ്ചയിലെ കളക്ഷനും മാര്‍ക്കറ്റിംഗുമാണ് സിനിമയുടെ വിധി തീരുമാനിക്കുന്നത്. ദുര്‍ബലമായ മാര്‍ക്കറ്റിംഗ് മൂലം റിലീസിംഗ് ആഴ്ചയില്‍ തിയ്യറ്ററുകളില്‍ കാണികള്‍ എത്തിയില്ലെന്ന് വരാം. ചലച്ചിത്രമേളകളും പുരസ്കാരങ്ങളും സമാന്തര സിനിമകള്‍ക്ക് പ്രചോദനമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ സഹായവും ചലച്ചിത്ര പ്രചാരണത്തിന് സഹായകരമാണ്. മുഖ്യധാര ചലച്ചിത്രപ്രവര്‍ത്തരും താരങ്ങളും ഇത്തരം സിനിമകളുടെ പ്രാധാന്യം മനസിലാക്കി അവയുടെ പ്രചാരണത്തിന് മുന്‍പോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.
