ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

സാമൂഹികപ്രവര്‍ത്തക ദയാബായി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'കാന്തന്‍' ഇത്തവണത്തെ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. ദളിത്, ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഇത്ത്യാമ്മ എന്ന കഥാപാത്രത്തെയാണ് ദയാബായി അവതരിപ്പിക്കുന്നത്.

വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയാ വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെയും നിലനില്‍പ്പിനായുള്ള അവരുടെ പോരാട്ടങ്ങളുടെയും കഥയാണ് ഷെറീഫ് ഈസ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രമേയം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാന്തന്‍ എന്ന പത്ത് വയസ്സുകാരനെ ആര്‍ജ്ജവമുള്ള ഒരു മനുഷ്യനായി വളര്‍ത്തിയെടുക്കുന്നത് ദയാബായിയുടെ കഥാപാത്രമാണ്. മറ്റ് നിറങ്ങളോടുള്ള അവന്റെ പ്രണയവും കറുപ്പിനോടുള്ള അവന്റെ അപകര്‍ഷതയും അവര്‍ തിരിച്ചറിയുന്നു. പ്രകൃതിയോട് ലയിച്ചുചേര്‍ന്ന് ജീവിക്കാനുള്ള ആത്മബോധം അവന് ഉണ്ടാക്കിക്കൊടുക്കുന്നു ഇത്ത്യാമ്മ.

പ്രമാദ് കൂവേരിയാണ് ചിത്രത്തിന്റെ രചന. കാന്തനായി അഭിനയിക്കുന്നത് മാസ്റ്റര്‍ പ്രജിത്ത് ആണ്. നെങ്ങറ കോളനിയിലെ അടിയാ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം പ്രിയന്‍. ആദിവാസികളുടെ, ലിപിയില്ലാത്ത റാവുള ഭാഷയാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. പരമ്പരാഗതമായ ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.