മുംബൈ: കങ്കണ റണൗത്ത് പ്രധാന വേഷത്തിലെത്തിയ ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരസുന്ദരി കരീന കപൂർ. ചിത്രം കാണാൻ ആ​ഗ്രഹമുണ്ടെന്നും കങ്കണ മികച്ചൊരു അഭിനേത്രിയാണെന്നും കരീന പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കരീനയുടെ തുറന്നു പറച്ചിൽ. 

കങ്കണയുടെ ‘മണികർണിക’യെന്ന ബയോപിക് ചിത്രം കാണാൻ എനിക്കേറെ ആഗ്രഹമുണ്ട്. കങ്കണ മികച്ച അഭിനേത്രിയാണ്. എനിക്കവരെ ഒരുപാട് ഇഷ്ടമാണ്, ഞാൻ അവരുടെ വലിയ ആരാധികയാണ്. ബുദ്ധിമതിയായ അഭിനേത്രിയാണ് കങ്കണ. ചിത്രം ഉടനെ കാണുമെന്നും കരീന പറഞ്ഞു. ഭർത്താവും നടനുമായ സെയ്ഫ് അലിഖാൻ ചിത്രം കണ്ടതിനുശേഷം കങ്കണയെ വിളിച്ച് അഭിനന്ദിച്ചിരുന്നതായും കരീന കൂട്ടിച്ചേർത്തു.    
 
സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പട പൊരുതിയ ധീര വനിത ഝാന്‍സി റാണി ലക്ഷ്മി ഭായിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’. റീലിസിനെത്തിയത് മുതൽ ഏറെ വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രം നിറസദസ്സിൽ പ്രദർശനം തുടരുകയാണ്.  

ഇഷു സെൻഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയ്, വൈഭവ് തത്വവാദി, സീഷൻ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംവിധാനത്തിലും കങ്കണ സജീവമായിരുന്നു. സീ സ്റ്റുഡിയോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

രാജ്‌കുമാർ റാവു സംവിധാനഎ ചെയ്യുന്ന ‘മെന്റൽ ഹായ് ക്യാ’ ആണ് കങ്കണയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. അശ്വിനി അയ്യർ തിവാരിയുടെ ‘പൻഗ’ എന്ന ചിത്രത്തിലും കങ്കണ വേഷമിടുന്നുണ്ട്.