കന്നഡ സിനിമയില്‍ അഭിനയിക്കണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ സംസാരിക്കുന്നതിനിടയിലാണ് ഒരു കന്നഡ സിനിമയില്‍ നായികയാവണമെന്ന തന്റെ ആഗ്രഹം കരീന വെളിപ്പെടുത്തിയത്. 

'എനിക്ക് കന്നഡ ഭാഷ അറിയില്ല. പക്ഷേ, ഒരു ദിവസം ഞാന്‍ കന്നഡ ഭാഷയില്‍ അഭിനയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.' കരീന പറഞ്ഞു. ഭാഷ, മതം, പ്രാദേശിക അതിര്‍ത്തികള്‍ എന്നിവയുടെ വേര്‍തിരിവിലാതെ ആളുകള്‍ ഒരുമിച്ച് പ്രവര്‍ക്കുന്ന മേഖലയാണ് സിനിമ. സിനിമ എന്റെ രക്തത്തിലുള്ളതാണ്. അത് തന്നെയാണ് എന്റെ അഭിനിവേശവും, ഞാന്‍ ഒരിക്കല്‍ കന്നഡ സിനിമ ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നതെന്നും കരീന കൂട്ടിച്ചേര്‍ത്തു.

ലോകസിനിമയുടെ വ്യത്യസ്ത കാഴ്ചകൾ പകർന്നുനൽകുന്ന പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള വിധാൻസൗധയിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ കരീന കപൂർ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ രാകേഷ് ഓംപ്രകാശ് മെഹ്റ, ഇറാനിയൻ നടി ഫാത്തിമ മുത്തമ്മദ് അർയ എന്നിവർ മുഖ്യാതിഥികളായിരുന്നു. മന്ത്രിമാരായ ആർ.റോഷൻ ബേഗ്, എച്ച്.എം. രേവണ്ണ, മേയർ സമ്പത്ത്രാജ്,കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദു, കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു എന്നിവർ പങ്കെടുത്തു.

ഉദ്ഘാടന ചിത്രമായ ഇറ്റലിയിൽനിന്നുള്ള ലോറ ലെഗലെ നിറഞ്ഞ സദസിനു മുന്നിലാണു പ്രദർശിപ്പിച്ചത്. അറുപതു രാജ്യങ്ങളിൽനിന്നുള്ള 200സിനിമകൾ പ്രദർശനത്തിനെത്തുന്ന മേള മാർച്ച് ഒന്നിനു സമാപിക്കും. ലോക സിനിമാവിഭാഗത്തിൽ 68 സിനിമകളും ഏഷ്യൻ സിനിമയിൽ 13ഉം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ 14ഉം കന്നഡ സിനിമാ വിഭാഗത്തിൽ 12 ഉം ചിത്രങ്ങളാണു മൽസരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കർണാടക ചലനച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേള മാർച്ച് ഒന്നിന് സമാപിക്കും.