സലിം കുമാറിന് കഴിഞ്ഞ വര്‍ഷത്തെ മികച്ച കഥാകൃത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടികൊടുത്ത ചിത്രമാണ് കറുത്ത ജൂതന്‍. ആരോണ്‍ ജൂതന്റെ ജീവിതം പറയുന്ന ചിത്രം ഓഗസ്റ്റ് 18 ന് തിയേറ്ററുകളില്‍ എത്തും. എല്‍ ജെ ഫിലിംസ് ആണ് ചിത്രം തിയ്യറ്ററുകളില്‍ എത്തിക്കുന്നത്. ആരോണ്‍ ഇല്യൂഹ എന്ന കറുത്ത ജൂതന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.

ചരിത്രം കേരള ജനതയോട് പറയാന്‍ മറന്നു പോയ കഥയാണ് കറുത്ത ജൂതരുടേത്. മലയാളത്തില്‍ ജൂത സമൂഹത്തിന്റെ കഥ പറയാന്‍ സിനിമയായാലും സാഹിത്യമായാലും നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് മട്ടാഞ്ചേരിയിലെ പരദേശി ജൂതന്മാര്‍ അഥവാ വെളുത്ത ജൂതന്മാരുടെ ജൂതതെരുവിലേക്കും സെനഗോഗിലേക്കും അവരുടെ ജീവിത കഥകളിലേക്കും മാത്രമാണ്. 

ഇരുകൂട്ടരും യാക്കൂബിന്റെ അഥവാ ഇസ്രായേലിന്റെ സന്തതികളാണെങ്കിലും ചരിത്രത്തിലായാലും ജീവിതത്തിലായാലും കറുത്തവര്‍ എന്നും കറുത്തവര്‍ തന്നെ എന്ന ലോകസത്യം ഇവരിലൂടെ ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമാകുകായാണ്. ബാല്യ കാലത്ത് എന്റെ അയല്‍ക്കാരായി വടക്കന്‍ പറവൂരിലും പരിസര പ്രദേശത്തും ഉണ്ടായിരുന്ന ഇന്ന് ഇസ്രായേലില്‍ എങ്ങോ ജീവിക്കുന്ന ആ പഴയ മിത്രങ്ങളോടുള്ള തന്റെ സ്‌നേഹാദരവാണ് കറുത്ത ജൂതനെന്ന് സലീം കുമാര്‍ പറയുന്നു.

 ചക്രവര്‍ത്തിമാരുടെ നിരന്തര ആക്രമണങ്ങളില്‍ ഭയന്ന് ജൂതര്‍ പ്രാണരക്ഷാര്‍ത്ഥം നമ്മുടെ മണ്ണില്‍ അഭയം തേടി , പച്ച മലയാളികളായി ഇവിടെ ജീവിച്ച കറുത്ത ജൂതരുടെ ജീവിതം രേഖപ്പെടുത്താന്‍ അവര്‍ നമുക്ക് തന്ന സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്താന്‍ ചരിത്രക്കാരന്മാര്‍ എന്തിനാണ് മടിക്കുന്നതെന്ന സലീം കുമാര്‍ തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ഇതിനോടുള്ള തന്റെ വിയോജന കുറിപ്പാണ് കറുത്ത ജൂതന്‍ എന്ന സിനിമയെന്നും സലീം കുമാര്‍ പറയുന്നു. 

ഇത് അവാര്‍ഡ് സിനിമയല്ല. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്നതാണ് ഈ സിനിമ. ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നതാണിത്. ഒരു ജൂതന്റെയും മുസല്‍മാന്റെയും സൗഹൃദത്തിന്റെ അപൂര്‍വ കഥ പറയുന്നതാണ്. കഥയും തിരക്കഥയും സംവിധാനവും സലിം കുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ആരോണ്‍ ഇല്യാഹു എന്ന പ്രധാന കഥാപാത്രത്തെ സലീം കുമാര്‍ തന്നെ അവതരിപ്പിക്കുന്നു. ബാബു ആന്നൂര്‍, ഉഷ, രമേഷ് പിഷാരടി തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രേംസായിയാണ് ചിത്ര സംയോജനം, സ്വാമി സംവിദാനന്ദന്റെ വരികള്‍ക്ക് ബിജു റാം ആണ് സംഗീതം നിര്‍വഹിച്ചിരക്കുന്നത്.

 ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം