ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിച്ചു?

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റചിത്രം എന്ന നിലയ്ക്ക് കേരളത്തിലെ സിനിമാപ്രേമികളിലും കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമയായിരുന്നു കര്‍വാന്‍. ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും കൗതുകമായിരുന്നു. അത്തരത്തില്‍ പ്രേക്ഷകരില്‍ ഉണ്ടായിരുന്ന കൗതുകങ്ങള്‍ ചിത്രത്തിന്‍റെ ബോക്സ്ഓഫീസില്‍ പ്രതിഫലിച്ചിട്ടുണ്ടോ? എത്രയാണ് കര്‍വാന്‍റെ റിലീസ് ദിന കളക്ഷന്‍?

കര്‍വാന്‍റെ ആദ്യദിന കളക്ഷന്‍ 1.45 കോടി മുതല്‍ 1.50 കോടി വരെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോക്സ്ഓഫീസ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന സൈറ്റുകളിലൊന്നായ ബോക്സ്ഓഫീസ് ഇന്ത്യ കര്‍വാന്‍റെ ആദ്യദിന കളക്ഷനായി പറയുന്നത് 1.45 കോടിയാണ്. മറ്റൊരു പ്രധാന സൈറ്റായ കൊയ്മൊയ് പറയുന്നത് ചിത്രം വെള്ളിയാഴ്ച നേടിയത് 1.50 കോടി രൂപയാണെന്നാണ്. എന്നാല്‍ ഇത് ഏകദേശ കണക്ക് മാത്രമാണെന്നും അവസാന കണക്ക് വരാനിരിക്കുന്നതേയുള്ളുവെന്നും കൊയ്മൊയ് പറയുന്നു.

അടുത്തകാലത്ത് ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും കുറവ് ആദ്യദിന കളക്ഷന്‍ ലഭിച്ച സിനിമ കൂടിയാണ് കര്‍വാന്‍. ഇര്‍ഫാന്‍ അഭിനയിച്ച ബ്ലാക്ക്മെയിലിനും ഹിന്ദി മീഡിയത്തിനും 2.81 കോടി വീതവും ക്വരീബ് ക്വരീബ് സിംഗെല്ലെയ്ക്ക് 1.75 കോടിയും റിലീസ് ദിന കളക്ഷന്‍ ലഭിച്ചിരുന്നു.

പുതുമുഖം മിഥില പല്‍ക്കര്‍ ആണ് കര്‍വാനിലെ നായിക. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍, ആകര്‍ഷ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമായിരുന്നു. ഒരു റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.