തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന കസബയുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ ട്രോള്‍ ആക്രമണത്തിന് വിധേയമായിരുന്നു. ഇതിനെ പോസിറ്റീവായി കണ്ട മമ്മൂട്ടിയുടെ പ്രതികരണത്തിന് ഏറെ കൈയടി ലഭിച്ചിരുന്നു. അതിനിടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. 

കോമഡി സ്വഭാവത്തിലുള്ള രംഗങ്ങളാണ് ടീസറിലുള്ളത്. കാര്‍ണിവലും സൂചിയേറും കൊണ്ടു നടക്കുന്ന പൊലീസില്‍ എടുക്കാന്‍ കൊള്ളാത്ത ഒരാളായാണ് തുടക്കത്തിലേ മമ്മൂട്ടിയുടെ കഥാപാത്രത്തെ ഒരാള്‍ വിശേഷിപ്പിക്കുന്നത്. 

നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കസബ. മമ്മൂട്ടി, നേഹ സക്‌സേന, വരലക്ഷ്മി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍.

നടന്‍ ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി, വരലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നേഹ സക്‌സേനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്പത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങള്‍. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.