ചെന്നൈ: ആരാധക ഹൃദയം കീഴടക്കാൻ വീണ്ടുമെത്തുകയാണ് പ്രിയ നടി ജ്യോതിക. താരം കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രം കാട്രിൻ മൊഴി റിലീസിനൊരുങ്ങി.  വീട്ടുകാര്യങ്ങളുമായി കുടുംബത്തിനകത്ത് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കാത്ത വീട്ടമ്മ. അപ്രതീക്ഷിതമായി വന്നെത്തുന്ന റേഡിയോ ജോക്കിയുടെ റോളിൽ അവർ വിജയവഴി കണ്ടെത്തുന്നു. 

ആത്മവിശ്വാസം നിറഞ്ഞ വനിതയായി ഒരു വീട്ടമ്മ മാറുന്ന കഥയാണ് വിദ്യാബാലൻ നായികയായ തുംഹാരി സുലു പറഞ്ഞത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പുമായി ആരാധകഹൃദയം കീഴടക്കാനെത്തുകയാണ് ജ്യോതിക.

രണ്ടാം വരവിലും ചുറുചുറുക്കുള്ള കഥാപാത്രങ്ങളുമായി ആരാധക ഹൃദയം കീഴടക്കുന്ന ജോ കാട്രിൻ മൊഴിയിലും അങ്ങനെ തന്നെ. വിജയലക്ഷ്മി എന്ന കഥാപാത്രം സമ്മാനിക്കുന്ന രസകരമായ മുഹൂർത്തങ്ങൾ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. പഴയ ചുറുചുറുക്കോടെ വീണ്ടും സിനിമാരംഗത്ത് സജീവമായ ജോയ്ക്ക് ഭർത്താവ് സൂര്യയുടെ പിന്തുണയെ കുറിച്ച് തന്നെയാണ് എപ്പോഴും പറയാനുള്ളത്. എല്ലാവിധ പിന്തുണയുമുണ്ടെന്നുംപ്രൊമോഷനായി എന്നും സൂര്യ കൂടെയുണ്ടെന്നും ജ്യോതിക പറയുന്നു.

രാധാമോഹൻ ഒരുക്കുന്ന ചിത്രത്തിൽ വിദാർത്ഥാണ് ജോയുടെ ഭർത്താവായി വേഷമിടുന്നത്. ലക്ഷ്മി മഞ്ജുവും പ്രധാന വേഷത്തിലെത്തുന്നു. അതിഥി വേഷത്തിൽ നടൻ ചിന്പു എത്തുന്നതാണ് മറ്റൊരു ഹൈലൈറ്റ്. നവംബര്‍ 16ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.