എമ്പുരാൻ, തുടരും എന്നീ ഹിറ്റുകൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ ഒരു റി റിലീസ് ചിത്രം കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയത്.
ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ എന്ന നടന് വൻ ഹിറ്റുകൾ സമ്മാനിച്ച വർഷമാണ് 2025. ഇതുവരെ റിലീസ് ചെയ്ത രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാകുക മാത്രമല്ല ഇൻസ്ട്രി ഹിറ്റായും മാറി. എമ്പുരാൻ ആയിരുന്നു മോഹൻലാലിന് ഈ വർഷം ആദ്യ ഹിറ്റ് സമ്മാനിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ഇന്റസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തിൽ മാത്രം 100 കോടി എന്ന നേട്ടം സ്വന്തമാക്കി തുടരും പിന്നാലെ വന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ ഈ പടത്തിൽ പ്രത്യക്ഷപ്പെട്ടത്.
എമ്പുരാൻ, തുടരും എന്നീ ഹിറ്റുകൾക്ക് പിന്നാലെയാണ് മോഹൻലാലിന്റെ ഒരു റി റിലീസ് ചിത്രം കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയത്. ഛോട്ടാ മുംബൈ ആയിരുന്നു ആ ചിത്രം. ഇതുവരെ റി റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഓപ്പണിങ്ങിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ചിത്രം തിയറ്ററുകളിൽ തുടരുകയാണ്. ഈ അവസരത്തിൽ മോഹൻലാൽ സിനിമകളെ കുറിച്ച് കവിത തിയേറ്റർ ഉടമ സാജു ജോണി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
"ഛോട്ടാ മുംബൈയുടെ ഷോകൾ കൂട്ടേണ്ട അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. തിയറ്ററിൽ അടിച്ചു പൊളിച്ച് കാണാൻ പറ്റിയ ലാലേട്ടന്റെ സിനിമയാണ് അത്. ഇതിന് മുൻപ് എമ്പുരാനും തുടരും കാരണം തിയറ്ററുകാർക്ക് നല്ല കളക്ഷൻ കിട്ടി. നല്ല കാര്യങ്ങൾ ചെയ്യാനായി. തിയറ്ററുകാർക്കൊരു ഉണർവ് നൽകി. ലാലേട്ടന്റെ പടമുണ്ടെങ്കിൽ വേറെ സിനിമകൾ മാറ്റിവച്ച് ആ പടം തന്നെ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്ത് ഇരുപത്തേഴ് വർഷമായി ലാലേട്ടന്റെ ഹിറ്റ് പടങ്ങൾ ഇവിടെ കളിക്കാൻ പറ്റിയിട്ടുണ്ട്", എന്നാണ് സാജു ജോണി പറഞ്ഞത്.
മോഹൻലാലിന്റേതായി ഇനി വരാനിരിക്കുന്നത് ഒരു തെലുങ്ക് ചിത്രമാണ്. കണ്ണപ്പയാണ് അത്. ചിത്രം ജൂൺ 27ന് തിയറ്ററുകളിൽ എത്തും. വിഷ്ണു മഞ്ജു നായകനായി എത്തുന്ന ചിത്രത്തിൽ പ്രഭാസ്, അക്ഷയ് കുമാർ അടക്കമുള്ള വൻതാര നിരയും അണിനിരക്കുന്നുണ്ട്.



