മിഥുനും ലക്ഷ്മിയും ഒന്നിച്ച് ചെയ്യുന്ന രസരകമായ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്.

ലയാളികൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ഏറെ സുപരിചിതയാണ് ലക്ഷ്മി മേനോൻ. അവതാരകനും നടനും ആർജെയുമൊക്കെയായ മിഥുന്റെ ഭാ​ര്യയാണ് ലക്ഷ്മി. ഇരുവരും ഒന്നിച്ച് ചെയ്യുന്ന രസരകമായ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. അതോടൊപ്പം തന്നെ ഈ ദമ്പതികൾക്ക് വൻ ആരാധകവൃന്ദവും ഉണ്ട്. ഇപ്പോഴിതാ ഡിപ്രഷന് മരുന്ന് കഴിക്കുന്ന ആളാണ് താനെന്നും അത് മുടങ്ങിയാൽ മൂഡ് സ്വിം​ഗ്സ് ഉണ്ടാകുമെന്നും പറയുകയാണ് ലക്ഷ്മി. മെഡിസിന്റെ കൺട്രോളിലാണ് മുന്നോട്ട് പോകുന്നതെന്നും അവർ പറയുന്നുണ്ട്.

"സാഡ്നെസ് ഒരിക്കലും ഡിപ്രഷനല്ല. അത് തെറ്റിദ്ധരിക്കുന്ന ഒരുപാട് പേരുണ്ട്. പുറത്ത് നിന്നും നോക്കുമ്പോൾ എനിക്കിപ്പോ ആരോ​ഗ്യപരമായിട്ട് അടക്കം എന്താ പ്രശ്നമെന്ന് മറ്റുള്ളവർക്ക് തോന്നും. പക്ഷേ ഞാൻ ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിർത്തി കഴിഞ്ഞാൽ എനിക്ക് മൂഡ് സ്വിം​ഗ്സ് തുടങ്ങും. അതൊരു വേറൊരു സ്റ്റേജിലേക്ക് എത്തും. നമ്മളേ ഈ ഭൂമിക്ക് ആവശ്യമേ ഇല്ലെന്ന് തോന്നും. എന്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നതെന്നൊക്കെ തോന്നും. മരുന്ന് നിർത്തി കഴിഞ്ഞാൽ ആ ഒരു സ്റ്റേജിലേക്ക് എത്തും. ഡയബറ്റിക് ഉള്ള ആളുകളൊക്കെ തുടരെ മരുന്ന് കഴിക്കില്ലേ? അതുപോലെ എനിക്കും ഈ മരുന്ന് കഴിച്ചു കൊണ്ടിരിക്കണം. അതാണ് എന്റെയൊരു അവസ്ഥ. അത് ബാലൻസ് ചെയ്ത് കൊണ്ടുപോകണം. അല്ലെങ്കിൽ പ്രശ്നമാണ്. ഇപ്പോഴെനിക്ക് മൂഡ് സ്വിം​ഗ്സ് വരാറില്ല. കാരണം ഫുൾ മരുന്നിന്റെ കൺട്രോളിലാണ്. ഇതിന്റെ തുടക്ക സമയത്ത് സംഭവം എന്താണെന്ന് തൻവിക്കും മിഥുൻ ചേട്ടനും മനസിലായിരുന്നില്ല. ഇവര് നല്ലോണം പേടിക്കയും ചെയ്തു. അങ്ങനെയാണ് ഡോക്ടറെ പോയി കാണുന്നത്. ഈ സമയത്തൊക്കെ മിഥുൻ ചേട്ടൻ, എന്റെ അമ്മ, തൻവി ഭയങ്കര സപ്പോർട്ട് ആയിരുന്നു", എന്ന് ലക്ഷ്മി പറയുന്നു.

"ഡിപ്രഷനൊക്കെ വരുമ്പോൾ ആരോടെങ്കിലും സംസാരിക്കുന്നത് നല്ലതാണ്. ഒരുപാട് മാറ്റമുണ്ടാകും. ഡിപ്രഷനാണെന്ന് അഭിനയിക്കുകയാണെന്ന് ചിലര്‍ വിചാരിക്കും. പനി പോലെയാണിത്. ഒരസുഖം തന്നെയാണ് ഇതും. അത് ആളുകൾക്ക് അറിയില്ല", എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു ലക്ഷ്മി മേനോന്റെ പ്രതികരണം.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News