Asianet News MalayalamAsianet News Malayalam

കാവ്യയ്ക്കും നാദിര്‍ഷായ്ക്കും ഇന്ന് നിര്‍ണായക ദിനം;  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

kavya madhavan nadirshah anticipatory bail application
Author
First Published Sep 25, 2017, 8:41 AM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷായും നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാകും.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസിന്റെ പ്രാഥമിക വാദത്തിനിടെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷനു തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരം നാദിര്‍ഷാ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി ചോദ്യം ചെയ്യലുമായി സഹകരിച്ചു. 

ഇതിന് ശേഷമാണ് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ഈ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഇന്നു മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായാണു കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇരു ജാമ്യാപേക്ഷകളിലും ഉണ്ടാകുന്ന തീരുമാനം മറ്റൊരു ബെഞ്ചില്‍ പരിഗണനയ്ക്കിരിക്കുന്ന ദിലീപിന്റെ ജാമ്യാപേക്ഷയുടെ ഭാവി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. നാളെയാണ് ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നത്.

Follow Us:
Download App:
  • android
  • ios