കായംകുളം കൊച്ചുണ്ണി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിവിന്‍ പോളി, മോഹന്‍ലാല്‍ ഇങ്ങനെ വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. ആദ്യദിനം മികച്ച കലക്ഷനാണ്  ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്. 5 കോടി 3 ലക്ഷം രൂപയാണ് ആദ്യദിനം ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ നിർമാതാക്കളായ ഗോകുലം മൂവീസ് ആണ് കലക്‌ഷൻ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. കേരളത്തിൽനിന്നു മാത്രമുള്ള കലക്​ഷനാണിത്. ഒരു നിവിൻ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക കൂടിയാണിത്.

364 തിയറ്ററുകളിലായി 1700 പ്രദർശനങ്ങളാണ് ആദ്യദിവസം നടന്നത്. മലയാളസിനിമയിൽ ഇത് റെക്കോർഡ് ആയിരുന്നു. രാവിലെ ഏഴു മണി മുതൽ ആരാധകർക്കായി പ്രത്യേക ഫാൻസ് ഷോയും നടന്നു. വലിയ ജനത്തിരക്ക് മൂലം അർധരാത്രിയിലും ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. മലയാളസിനിമയുടെ ഏറ്റവും വലിയ ആദ്യദിന കലക്ഷൻ റിപ്പോർട്ട് ഇനി കൊച്ചുണ്ണിക്ക് സ്വന്തമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തു. 

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ ദിനത്തില്‍ 62 ഷോകളാണ് നടന്നത്. 19.12 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തിരുവനന്തപുരത്തെ മൾടിപ്ലക്‌സുകളില്‍ നിന്ന് 18.28 ലക്ഷം രൂപയുടെ കലക്‌ഷനാണ് ചിത്രം നേടിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നിർമിച്ചത് ഗോകുലം പ്രൊഡക്‌ഷൻസ് ആണ്. 45 കോടിയാണ് മുതൽമുടക്ക്. പതിനായിരത്തോളം ജൂനിയർ ആർടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ.