മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുക്കെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി തീയറ്ററിലെത്തി നാല്‍പത് ദിവസം പിന്നിടുമ്പോഴാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്.

നേരത്തെ, മോഹന്‍ലാലിന്‍റെ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം പുലിമുരുകനാണ് നൂറ് കോടി  ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയത്. 150 കോടിയാണ് പുലിമുരുകന്‍ കളക്ട് ചെയ്തത്. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് കായംകുളം കൊച്ചുണ്ണി.

കൂടാതെ, ചിത്രത്തില്‍ ഇത്തിക്കര പക്കി എന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലിനും ഈ നേട്ടത്തില്‍ വലിയ പങ്കാണുള്ളത്. ആഗോള തലത്തിലെ ചിത്രത്തിന്‍റെ ബിസിനസ് വഴിയാണ് നൂറ് കോടിയെന്ന വലിയ നേട്ടം കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന കണക്കും അവര്‍ പുറത്ത് വിട്ടു. 

സിനിമയുടെ കേരള , ഔട്ട്‌സൈഡ് കേരള ഗ്രോസ് – 57 കോടി

സാറ്റലൈറ്റ്, ഡിജിറ്റല്‍-15 കോടി

ജി.സി.സി-18 കോടി

ഔട്ട്‌സൈഡ് ജി.സി.സി-4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാന്‍ഡ്-17 ലക്ഷം, അമേരിക്ക- 1.8 കോടി ,ഓസ്ട്രേലിയ-1.10 കോടി)

ഓഡിയോ, വിഡിയോ റൈറ്റ്‌സ് -1 കോടി

ഡബ്ബിങ് റൈറ്റ്‌സ്-3.5 കോടി

ഹിന്ദി അവകാശം-3 കോടി

ആകെ-102.32 കോടി

45 കോടി മുതല്‍മുടക്കില്‍ ഗോകുലം മൂവീസാണ് ചിത്രം നിര്‍മിച്ചത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റെതാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  

161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപയാണ്. ആദ്യ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന സമ്മിശ്രാഭിപ്രായങ്ങളെ മറികടന്നാണ് ചിത്രം തീയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ചത്.