സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്

മലയാളത്തില്‍ അടുത്തിടെ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലര്‍ പുറത്തെത്തി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് സ്ട്രീമിംഗ് വഴിയാണ് ട്രെയ്‌ലര്‍ വീഡിയോ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ നിവിന്‍ പോളിയുടെ ടൈറ്റില്‍ കഥാപാത്രവും മോഹന്‍ലാലിന്റെ ഇത്തിക്കര പക്കിയുമൊക്കെയുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്ന വാഗ്ദാനമാണ് ട്രെയ്‌ലറില്‍.

45 കോടി ബജറ്റില്‍ 161 ദിവസങ്ങളെടുത്താണ് സിനിമയുടെ ചിത്രീകരണം റോഷന്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റുകള്‍ക്ക് മാത്രം 12 കോടി ചെലവഴിച്ചെന്നാണ് കണക്ക്. നിവിന്‍ പോളി ടൈറ്റില്‍ കഥാപാത്രമായ കൊച്ചുണ്ണിയാവുമ്പോള്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ എന്നിവരൊക്കെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോബി-സഞ്ജയ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ബോളിവുഡ് ഛായാഗ്രാഹകന്‍ ബിനോദ് പ്രധാനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഓണം റിലീസ് ആയാവും ചിത്രം തീയേറ്ററുകളിലെത്തുക.