ദില്ലി: രാഷ്‌ട്രീയപ്രവേശനം നടത്തുമെന്ന സൂചന നല്‍കിയ നടന്‍ കമല്‍ഹാസനെ കാണാന്‍ എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാള്‍ ഇന്ന് എത്തുന്നു. വ്യാഴാഴ്ച രാവിലെ 12 ഓടെയാണ് കെജ്‍രിവാള്‍ ചെന്നൈയിലെത്തുന്നത്. സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം വ്യക്താമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനം തന്നെയാണ് അജണ്ടയെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു.

രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ സൂചന നല്‍കി കഴിഞ്ഞ കുറേ നാളുകളായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് താരം നിരന്തരം പ്രതികരണങ്ങള്‍ നടത്തിയിരുന്നു. തിരക്കിട്ട് രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപിയ്‌ക്കാനില്ലെന്ന് കമല്‍ മുമ്പ് പ്രതികരിച്ചിരുന്നു. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയും ചര്‍ച്ചകള്‍ നടത്തിയും കൃത്യമായ പദ്ധതിയുണ്ടാക്കിയ ശേഷം മാത്രമേ രാഷ്‌ട്രീയപ്രവേശം നടത്തുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിരുന്നു. 

കെജ്‍രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും രാഷ്ട്രീയം ചര്‍ച്ച ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും കമല്‍ഹാസന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.