ഈ വര്‍ഷം ലഭിച്ച ജെ സി ഡാനിയേല്‍ പുരസ്കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം കൈമാറിയത്.  മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു. 

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഈ വര്‍ഷം ലഭിച്ച ജെ സി ഡാനിയേല്‍ പുരസ്കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം കൈമാറിയത്. മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുകയായിരുന്നു. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ സി ഡാനിയേൽ പുരസ്കാരം. അഞ്ച് ലക്ഷം രൂപ, പ്രശസ്തിപത്രം, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം വരെ പുരസ്കാര തുക ഒരു ലക്ഷം രൂപയായിരുന്നു. ഇക്കൊല്ലമാണ് അത് അഞ്ചായി ഉയര്‍ത്തിയത്‌.

ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകത്ത് നിന്നും നിരവധി താരങ്ങളാണ് ഇതിനോടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. നടി രോഹിണി രണ്ടു ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം പ്രഖ്യാപിച്ച 10 ലക്ഷത്തില്‍ ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തമിഴ് താരസഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ, തമിഴ് ചാനലായ വിജയ് ടിവി 25 ലക്ഷം, കമലഹാസൻ 25 ലക്ഷം, സിദ്ധാർത്ഥ് 10 ലക്ഷം രൂപ എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഇത് കൂടാതെ കേരളത്തിന്‌ വേണ്ടി നിരന്തരമായി തെന്നിന്ത്യന്‍ താരങ്ങള്‍ സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്.