കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തും സിനിമാ സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യംചെയ്യും. വിവിധ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണു ലക്ഷ്യം. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊെബെല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞതായി അഡ്വ. രാജു ജോസഫ് മൊഴി നല്‍കിയിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. 

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ സഹ അഭിഭാഷകനായ രാജു ജോസഫിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ രാജു ജോസഫ് നശിപ്പിച്ചതായി പ്രതീഷ് ചാക്കോ മൊഴി നല്‍കിയിരുന്നു. 

ഇതേത്തുടര്‍ന്നാണു രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ ഏറ്റവും നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊെബെല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നുറപ്പായി.