കൊച്ചി: എക്സിബിറ്റേഴ്സ് ഫെഡറേഷനെ മറികടക്കാൻ തീയേറ്റർ ഉടമകൾ പുതിയ സംഘടനയ്ക്ക് ഇന്ന് കൊച്ചിയിൽ രൂപം നൽകും. നടൻ ദിലീപിന്റെയും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ സാന്നിധ്യത്തിലാകും സംഘടനാ രൂപികരണം. സിനിമാ പ്രതിസന്ധിക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ ചേരുന്ന യോഗത്തിൽ ഫെഡറേഷൻ വിട്ട തീയറ്റർ ഉടമകളും നിർമാതാക്കളും പങ്കെടുക്കും.

ഒരു മാസം പിന്നിട്ട സിനിമ സമരമാണ് തീയറ്റർ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഴ്സ് ഫെഡറേഷനെ പിളർപ്പിലേക്കെത്തിച്ചത്.ഫെഡറേഷൻ നിലപാടിൽ പ്രതിഷേധിച്ച് ട്രഷറർ കവിതാ സാജു അടക്കമുളളവർ സംഘടനയിൽ നിന്ന് രാജിവെച്ചതോടെ ഇവിഎമ്മും മുത്തൂറ്റും ഉൾപ്പെടെയുളള തിയറ്റർ ഗ്രൂപ്പ് ഉടമകളും സമരത്തിൽ നിന്ന് പിൻമാറി. 

നടൻ ദിലീപിന്‍റെയും നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെയും സാന്നിധ്യത്തിൽ ഫെഡറേഷൻ വിട്ടവരുടെ പുതിയ സംഘടന രൂപീകരിക്കാനാണ് കൊച്ചിയിൽ യോഗം ചേരുന്നത്. നിലവിൽ എക്സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 60 ഓളം തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദർശിപ്പിക്കുന്നത്. 

ഈ തീയറ്റർ ഉടമകളെല്ലാം യോഗത്തിൽ പങ്കെടുക്കും. റിലീസ് മുടങ്ങിക്കിടക്കുന്ന മലയാള ചിത്രങ്ങളിലൊന്ന് ഈ മാസം 19 ന് തീയറ്ററുകളിലെത്തിക്കാനാണ് നീക്കം ഏത് ചിത്രം ആദ്യം റിലീസ് ചെയ്യണം എന്നതിലും തീരുമാനമുണ്ടാകും.

അതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുളളവർ ഫിലിം ഫെഡറേഷനെതിരെ രംഗത്ത് വന്നത് ഫെഡറേഷൻ അംഗങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. സമരം പിൻവലിച്ച് മുഖം രക്ഷിക്കണമെന്ന ആവശ്യം വും സംഘടനയിൽ ശക്തമായെന്നാണ് സൂചന.