നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പൊലീസ്... കിസ്മത്തിലെ ഡയലോഗ് വൈറലാകുന്നു
ദുരഭിമാനക്കൊലയുടെ ഞെട്ടലിലാണ് കേരളം. പ്രണയിച്ചതിന് കെവിനെന്ന യുവാവിനെ കൊന്ന സംഭവത്തില്‍ രൂക്ഷപ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍. വ്യത്യസ്‍ത മതത്തിലും ജാതിയിലും പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തവരാണ് നമ്മള്‍ മലയാളികളുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കിസ്‍മത്ത് എന്ന സിനിമയിലെ ഡയലോഗും വൈറലാകുകയാണ്.
ദലിത് യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള ഒരു യഥാര്‍ഥ പ്രണയമായിരുന്നു കിസ്‍മത്ത് എന്ന സിനിമയ്‍ക്ക് ആധാരം. ഷാനവാസ് ബാവുക്കുട്ടി ഒരുക്കിയ ആ സിനിമ മലയാളി സമൂഹത്തിന്റെ നേര്‍ക്കാഴ്‍ചയാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‍ക്കുന്നത്. സംരക്ഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുന്ന നായകനോടും നായികയോടും പൊലീസ് നടത്തുന്ന അലക്ഷ്യമായ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
SC യില്‍ നീ ഏതാ?
എന്താ നിനക്ക് ജാതി ഒന്നുവില്ലേ?
അല്ല സർ ജാതി ഒന്നും നോക്കീട്ടല്ല ഇഷ്‍ടപ്പെട്ടത്..
ഓഹോ അപ്പോ ജാതി ഒന്നും ഇല്ലാണ്ടാക്കാൻ വേണ്ടീട്ടാണോ ഈ പ്രേമം??
നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പൊലീസ്...
ഈ ഡയലോഗാണ് കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
പത്താനപുരത്തുള്ള നീനു എന്ന യുവതിയും കുമാരനെല്ലൂര്‍ സ്വദേശി കെവിനും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തിന് ശേഷവും ബന്ധുകളില്‍ നിന്ന് ഭീഷണി നേരിട്ടതിനാല്‍ നീനയെ കെവിന്‍ കോട്ടയത്തെ ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും, ആക്രമണം മുന്നില്‍ കണ്ട് കെവിന്‍ മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മാന്നാനത്തെ ഈ ബന്ധുവീട്ടിലേക്കാണ് മൂന്ന് കാറിലായി നീനുവിന്റെ സഹോദരനും സംഘവും എത്തുന്നത്. നീനു എവിടെ എന്നു ചോദിച്ചു കൊണ്ട് വീട്ടിലേക്ക് കയറിയ സംഘം അവരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കെവിനേയും ബന്ധു അനീഷിനേയും പിടികൂടി കൊണ്ടു പോയി. ഈ സംഭവം നടന്ന് അല്‍പസമയത്തിനകം തന്നെ കെവിന്‍റെ ബന്ധുകള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
കെവിനൊപ്പം കൊണ്ടു പോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച ശേഷം പിന്നീട് സംഘം വഴിയില്‍ ഉപേക്ഷിച്ചു. നീനുവിനെ വിട്ടുതന്നാല്‍ കെവിനെ വിടാം എന്നും ഇവര്‍ അനീഷിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റു നീരുവീര്‍ത്ത മുഖവുമായി അനീഷും ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി കാര്യങ്ങള്‍ പൊലീസിനെ അറിയിച്ചു. രാവിലെയോടെ കോട്ടയം നഗരത്തിലെ ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കെവിന്‍റെ ഭാര്യ നീനുവും സ്റ്റേഷനിലെത്തി ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇങ്ങനെ മൂന്ന് പരാതികള്‍ ഒരു സംഭവത്തില്‍ കിട്ടിയിട്ടും വൈകുന്നേരമാണ് കെവിനെ തേടി പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുന്നത്.
മുഖ്യമന്ത്രി കോട്ടയത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ പോകണമെന്നും മറ്റുമുള്ള മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഗാന്ധിനഗര്‍ എസ്.ഐ ഷിബു നടപടികള്‍ വൈകിപ്പിക്കായായിരുന്നുവെന്ന് കെവിന്‍റെ ബന്ധുകള്‍ ആരോപിച്ചിരുന്നു. പിന്നീട് വൈകുന്നേരത്തോടെ ജനങ്ങള്‍ സ്റ്റേഷനില്‍ മുന്നില്‍ തടിച്ചു കൂടി പ്രതിഷേധിക്കുകയും, ജനപ്രതിനിധികളും മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് സ്ഥിതി മാറുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാലിയേക്കരയിലെ തോടില്‍ മുങ്ങിയ നിലയില്‍ കെവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
