തിരുവനന്തപുരം: സിനിമകളിലും നാടകങ്ങളിലും അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ആസ്വാദകശ്രദ്ധ നേടിയ കെ ജി ദേവകിയമ്മ (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെനാളായി ചികിത്സയിലായിരുന്നു. സിനിമകളും നാടക അരങ്ങുകളും കൂടാതെ ഒരുകാലത്ത് റേഡിയോ നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. കലാനിലയം നാടകവേദിയുടെ സ്ഥാപകനും തനിനിറം പത്രാധിപരുമായിരുന്ന കൃഷ്ണന്‍ നായരുടെ ഭാര്യയുമാണ്.

പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, രാജസേനന്റെ കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, ടി കെ രാജീവ് കുമാറിന്റെ വക്കാലത്ത് നാരായണന്‍കുട്ടി, ലോഹിതദാസിന്റെ സൂത്രധാരന്‍ തുടങ്ങിയട സിനിമകളിലൊക്കെ ശ്രദ്ധേയ വേഷങ്ങളാണ് അവതരിപ്പിച്ചത്. ജ്വാലയായ്, താലി തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ശ്രദ്ധേയ സീരിയലുകള്‍. സംസ്‌കാരം പൂജപ്പുരയിലെ സ്വവസതിയില്‍ ഇന്ന് ഉച്ചയ്ക്ക് നടന്നു.