തിരുവനന്തപുരം: ജാതി മതങ്ങളുടെ അതിര്‍ വരമ്പുകളെ മറികടക്കുന്ന പ്രണയത്തെ ആഘോഷിക്കുന്ന 'കിസ്മത്തി'ലെ രണ്ട് മനോഹര ഗാനങ്ങള്‍ ഇതാ. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊന്നാനിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയിലെ പ്രണയമധുരമായ ഗാനങ്ങളാണിത്. 

നവാഗതനായ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനോടകം വമ്പന്‍ തരംഗമാണ് സൃഷ്ടിച്ചത്. വെറും രണ്ടു ദിവസത്തിനകം രണ്ടുലക്ഷത്തിലധികം പേര്‍ കിസ്മത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു. 

അനിത എന്നൊരു ചരിത്ര ഗവേഷകയുടെയും ഇര്‍ഫാന്‍ എന്നൊരു ബി ടെക് വിദ്യാര്‍ത്ഥിയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. ഇരു മതവിഭാഗത്തില്‍ നിന്നുള്ള പ്രണയം ആയതുകൊണ്ടുതന്നെ, സമൂഹവും സമുദായവും കുടുംബവുമൊക്കെ എതിര്‍പ്പിന്റെ ദംഷ്ട്രകള്‍ കാട്ടി പേടിപ്പിച്ചു. എന്നാല്‍ ഇര്‍ഫാനും അനിതയ്ക്കും തീരുമാനത്തില്‍ മാറ്റമില്ലായിരുന്നു. കിസ്മത്തിലെ പ്രണയത്തെ വേറിട്ടുനിര്‍ത്തുന്നത്, സാമുദായികാന്തരം മാത്രമല്ലായിരുന്നു, അവരുടെ പ്രായത്തിലുള്ള വ്യത്യാസവും അതിനോടുംകൂടിയുള്ള സമൂഹത്തിന്റെ പ്രതികരണവുമാണ്.

നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗമാണ് ചിത്രത്തിലെ നായകന്‍. ശ്രുതി മേനോനാണ് കിസ്മത്തിലെ നായിക അനിതയുടെ വേഷത്തില്‍ എത്തുന്നത്. സബ് ഇന്‍സ്‌പെക്ടര്‍ അജയ് സി മേനോനായി കിസ്മത്തില്‍ എത്തുന്നത് വിനയ് ഫോര്‍ട്ടാണ്. ഇവരെ കൂടാതെ പി ബാലചന്ദ്രന്‍, സുനില്‍ സുഗദ, അലന്‍സിയര്‍, ജയപ്രകാശ് കുളൂര്‍, സജിത മഠത്തില്‍ എന്നിവരും കിസ്മത്തില്‍ അഭിനയിച്ചിട്ടുണ്ട്. കളക്ടീവ് ഫേസ് വണ്ണിന്റെ ബാനറില്‍ സംവിധായകന്‍ രാജീവ് രവിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളാ കഫേയില്‍ അന്‍വര്‍ റഷീദ് ചിത്രമായ ബ്രിഡ്ജിനു വേണ്ടി ക്യാമറ ചലിപ്പിച്ച സുരേഷ് രാജാണ് ഛായാഗ്രഹണം. ബി അജിത്ത് കുമാര്‍ ആണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലി, റഫീഖ് അഹമ്മദ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതരായ സുമേഷ് പരമേശ്വരനും ഷമേജ് ശ്രീധരനും സംഗീതം നല്‍കുന്നു.

ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന കിസ്മത്ത് ജൂലൈ 29ന് തിയറ്ററുകളില്‍ എത്തും...