തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്ററിന്റെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. ഡി സിനിമാസ് കൈയ്യേറ്റ സ്ഥലത്താണോ എന്നത് സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ നടത്തുന്ന ഹിയറിങ്ങിലാണ് കൊച്ചിന്‍ ദേവസ്വം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഹിയറിങ് ഈമാസം 26ന് തുടരും

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നടത്തുന്ന ഹിയറിങ്ങിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിലപാട് അറിയിച്ചത്. ഭൂമി മുമ്പ് വലിയ കോവിലകം തമ്പുരാന്റെ പേരിലായതിനാല്‍ സ്ഥലത്തിന്‍റെ അവകാശം ദേവസ്വത്തിനാണെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കളക്ടറെ രേഖാമൂലം അറിയിച്ചത്. ഉടമസ്ഥാവകാശം സ്ഥാപിക്കുന്നത് സ്ഥലത്തിന്റെ സ്കെച്ച് ദേവസ്വം നേരത്തെ തയാറാക്കിയിരുന്നു. ആവശ്യമെങ്കില്‍ ഈ സ്കെച്ച് കളക്ടര്‍ക്ക് കൈമാറുമെന്നാണ് ദേവസ്വത്തിന്റെ നിലപാട്.

കിഴക്കേ ചാലക്കുടി വില്ലേജില്‍ 666/1, 680/ 1 എന്നീ സര്‍വ്വേ നമ്പരുകളിലുള്ള വസ്തുവിന്റെ അവകാശി വലിയ കോവിലകം തമ്പുരാന്‍ ആയിരുന്നുവെന്നാണ് ദേവസ്വം വാദിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ ഭൂമിയുടെ അവകാശി കൊച്ചിന്‍ ദേവസ്വം ബോര്‍ഡാണ്. 680/1 സര്‍വ്വേ നമ്പരിലുള്ള ഭൂമി ഇപ്പോള്‍ ദിലീപിന്റെ കൈവശമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ കൈമാറ്റം നടത്തിയ 66 സെന്‍റില്‍ പത്ത് സെന്റിന് മാത്രമാണ് പട്ടയമുള്ളതെന്നും മറ്റു രേഖകള്‍ കൃത്രിമമായി നിര്‍മിച്ചതാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. ദേവസ്വം ബോര്‍ഡിന്റെ അവകാശ വാദത്തെത്തുടര്‍ന്ന് ഹിയറിങ് ഈമാസം 26ലേക്ക് മാറ്റി. ദീലീപ് ഉള്‍പ്പടെയുള്ള കക്ഷികളുടെ വാദം കേള്‍ക്കുന്നതിനും തുടര്‍പരിശോധകള്‍ക്കുമാണ് ഹിയറിങ് മാറ്റിയത്.