മലയാളിയുടെ പ്രിയ സംവിധായകന്‍ പത്മരാജന്റെ കൂടെവിടെ എന്ന ചിത്രം ബോളിവുഡിലേക്ക്. പൃഥ്വിരാജായിരിക്കും നായകനായി അഭിനയിക്കുക.

മണിരത്നത്തിന്റെ സഹസംവിധായികയായിരുന്ന പ്രിയ ആണ് കൂടെവിടെ ബോളിവുഡിലേക്ക് എത്തിക്കുന്നത്. ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തിന് ശേഷം താന്‍ ബോളിവുഡില്‍ ചെയ്യുന്ന ചിത്രം മിക്കവാറും പത്മരാജന്റെ കൂടെവിടെയുടെ റീമേക്ക് ആയിരിക്കും എന്നാണ് പൃഥ്വിരാജ് മുമ്പ് ഒരു അഭിമുഖത്തിലും പറഞ്ഞിരുന്നു. ബിജോയ് നമ്പ്യാരായിരിക്കും ചിത്രം നിര്‍മ്മിക്കുക.

പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത കൂടെവിടെ 1983ലാണ് പുറത്തിറങ്ങിയത്. വാസന്തിയുടെ മൂണ്‍ഗില്‍ പൂക്കള്‍ ( ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍) എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി, റഹ്മാന്‍, സുഹാസിനി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റഹ്മാന്റെ ആദ്യ ചിത്രമാണ് കൂടെവിടെ. സുഹാസിനി ആദ്യമായി മലയാളത്തിലേക്ക് എത്തുന്നതും കൂടെവിടെയിലൂടെയാണ്.  പ്രേംപ്രകാശ് ആണ് കൂടെവിടെ നിര്‍മ്മിച്ചത്.