Asianet News MalayalamAsianet News Malayalam

'ചൂഷണത്തിന് നിന്നുകൊടുക്കാത്തതിനാല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കി'; അടൂര്‍ഭാസിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് കെപിഎസി ലളിത

സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ കാലത്ത് അന്ന് മുന്‍നിര നടനായിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അവര്‍. അടൂര്‍ ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ താന്‍ ഒട്ടനേകം സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അവരത് തള്ളിക്കളഞ്ഞുവെന്നും ലളിത പറയുന്നു.

kpac lalitha about bad experiences she faced from adoor bhasi
Author
Thiruvananthapuram, First Published Oct 3, 2018, 10:48 PM IST

സിനിമകളിലെ അവസരങ്ങള്‍ മുന്നില്‍വച്ച് നടിമാരെ ചൂഷണം ചെയ്യുന്ന 'കാസ്റ്റിംഗ് കൗച്ച്' അനുഭവങ്ങള്‍ കൂടുതല്‍ പേര്‍ തുറന്നുപറയാന്‍ തയ്യാറായിവന്നത് അടുത്ത കാലത്താണ്. ഹോളിവുഡില്‍ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ആരോപണങ്ങള്‍ 'മി ടൂ' എന്ന പേരിലുള്ള ക്യാംപെയ്‌നായി ലോകം മുഴുക്കെയുള്ള സ്ത്രീശാക്തീകരണ വേദികളില്‍ മുഴങ്ങിക്കേട്ടു. ബോളിവുഡില്‍ അത്തരത്തിലുള്ള ഏറ്റവും പുതിയ ആരോപണം തനുശ്രീ ദത്ത, നാനാ പടേക്കറിനെതിരേ ഉയര്‍ത്തിയതായിരുന്നു. മലയാളസിനിമാ മേഖലയിലെ ലിംഗവിവേചനവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ടെങ്കിലും നേരിട്ടുള്ള ആരോപണങ്ങള്‍ ഇവിടെ കുറവാണ്. എന്നാല്‍ അത്തരത്തിലുള്ള വിവേചനവും ചൂഷണവും ആധുനികകാലത്തിന്റേത് മാത്രമല്ലെന്ന് പറയുകയാണ് കെപിഎസി ലളിത. സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ കാലത്ത് അന്ന് മുന്‍നിര നടനായിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അവര്‍. അടൂര്‍ ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ താന്‍ ഒട്ടനേകം സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും അന്നത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അവരത് തള്ളിക്കളഞ്ഞുവെന്നും ലളിത പറയുന്നു. കേരളകൗമുദി ഫഌഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കെപിഎസി ലളിതയുടെ തുറന്നുപറച്ചില്‍.

അടൂര്‍ഭാസിയില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കെപിഎസി ലളിത

അടൂര്‍ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു എന്ന് പറയാം. ഒരുദിവസം രാത്രി എട്ട് മണി ആയപ്പോള്‍ വീട്ടില്‍ കയറിവന്നു. അന്ന് വര്‍ക് ഇല്ലാത്ത ദിവസമായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി അഭിനയിക്കുന്ന മാധവിക്കുട്ടി എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ട്. കൃഷ്ണന്‍ എന്ന ഡ്രൈവറുമുണ്ടായിരുന്നു ഒപ്പം. എന്റെ ജോലിക്കാരിയും സഹോദരന്‍ രാജനുമുണ്ട് അവിടെ. രണ്ട് ബോട്ടിലുമായാണ് ഇയാള്‍ വന്നത്. അകത്ത് കയറിയിരുന്ന് മദ്യപാനം തുടങ്ങി. അന്ന് പുള്ളി സിനിമാലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെയൊരു സ്ഥാനം ഉണ്ടായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. 

പല പടങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഞാന്‍ ആരോടും പരാതി പറയാന്‍ പോയിട്ടില്ല. കാരണം അതുകൊണ്ട് കാര്യമൊന്നും ഉണ്ടാവില്ല. ഇദ്ദേഹത്തിന്റെ കൂടെ ഞാന്‍ വേണ്ട, വേണമെന്നുണ്ടെങ്കില്‍ പറയുന്ന കാര്യങ്ങളൊക്കെ അനുസരിച്ച് കൂടെ നില്‍ക്കണം. ഈ പറഞ്ഞ ദിവസം ഒരു കോംപ്രമൈസിന് വന്നതായിരുന്നു. ഒരു പത്തുമണി ആയപ്പോഴേക്ക് അയാള്‍ ബോധമില്ലാത്ത അവസ്ഥയിലെത്തി. വെളുപ്പിന് നാല് മണി വരെ ഞങ്ങള്‍ പുറത്തിരുന്നു. അവസാനം ഞാനും അനിയന്‍ രാജനും കൂടി ബഹദൂര്‍ക്കയുടെ വീട്ടിലേക്ക് നടന്നുപോയി. കാര്യം പറഞ്ഞപ്പോള്‍ ബഹദൂര്‍ക്ക ഞങ്ങളെയും കയറ്റി കാര്‍ ഓടിച്ച് വന്നു. ഇങ്ങേരെ ആ കാറില്‍ കയറ്റിവിട്ടു. 

ഇത് വല്ലതും ഇന്നാണ് നടക്കുന്നതെങ്കില്‍ എന്തുണ്ടാവും? അന്ന് ചലച്ചിത്ര പരിഷത് എന്നപേരില്‍ സിനിമാക്കാരുടെ ഒരു സംഘടനയുണ്ടായിരുന്നു. ഉമ്മര്‍ ആയിരുന്നു സെക്രട്ടറി. പിന്നീട് ഒരുപാട് സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. മേക്കപ്പ് ഇട്ടുകൊണ്ട് നാല് മണി വരെ ഇരുന്ന ദിവസങ്ങളുണ്ട്, പിന്നീട് ഒഴിവാക്കും. അവസാനം എന്തെങ്കിലും പോംവഴി കാണണമെന്ന് ഞാന്‍ തീരുമാനിച്ചു. 

ഹരിഹരന്റെ അടിമക്കച്ചവടം എന്ന സിനിമ വന്നു. അതില്‍ ഞാനും ഇയാളുമാണ് രണ്ട് പ്രധാന കഥാപാത്രങ്ങള്‍. ഒരു ചായക്കടക്കാരനും അയാളുടെ ഭാര്യയും. ആരാണ് ഒപ്പം അഭിനയിക്കുന്നതെന്ന് ഇയാള്‍ ചോദിക്കുന്നുണ്ട്. തലേദിവസം വരെ ഹരന്‍ സാറും നിര്‍മ്മാതാവ് ഗംഗാധരനും ഞാനാണ് ആ വേഷത്തിലേക്കെന്ന് പറഞ്ഞില്ല. അവസാനം പറഞ്ഞു കെപിഎസി ലളിതയാണെന്ന്. അവരാണെങ്കില്‍ എനിക്ക് ശരിയാവില്ല, മൂഡൗട്ട് ആവുമെന്ന് പറഞ്ഞു. പക്ഷേ ഇവര്‍ പക്ഷേ അടൂര്‍ഭാസിയെ ഒഴിവാക്കി. പകരം ബഹദൂര്‍ക്കയെ ആ വേഷം ഏല്‍പ്പിച്ചു. 

ഇതിനെക്കുറിച്ച് ഒരു പരാതി എഴുതിയാല്‍ ഒപ്പിട്ട് തരാമോ എന്ന് ഹരന്‍ സാറിനോടും പ്രൊഡ്യൂസറോടും ഞാന്‍ ചോദിച്ചു. രണ്ടുപേരും ഒപ്പിട്ടു. ആ പരാതി ഞാന്‍ ചലച്ചിത്ര പരിഷത്തില്‍ കൊണ്ടുക്കൊടുത്തു. രാത്രി ഉമ്മുക്ക (ഉമ്മര്‍) എന്നെ വിളിച്ചു. നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്ന് ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നല്‍കിയതെന്നും എന്തെങ്കിലും നടപടി എടുക്കാന്‍ സാധിക്കുമോ എന്നും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവര്‍ അവിടെയിരുന്നാല്‍ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി. പക്ഷേ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം നിന്നു. കെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു.

Follow Us:
Download App:
  • android
  • ios