നടി ആക്രമിക്കപ്പെട്ട സംഭവവും ഡബ്ല്യുസിസിയോടുമുള്ള കെപിഎസി ലളിതയുടെ നിലപാടിന് രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്റെ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് കെ പിഎസി ലളിതയെന്ന് ദീപന്‍ ശിവരാമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവവും ഡബ്ല്യുസിസിയോടുമുള്ള കെപിഎസി ലളിതയുടെ നിലപാടിന് രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ തന്റെ പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് കെ പിഎസി ലളിതയെന്ന് ദീപന്‍ ശിവരാമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കലാകാരിയെന്ന നിലയിലും കെപിഎസി ലളിത നീതി പുലര്‍ത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി എന്തിനാണ് കെപിഎസി ലളിതയെ ചുമക്കുന്നത്. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് എടുത്ത സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവരെ സഹിക്കേണ്ട കാര്യമുണ്ടോ 

നടിയെ ആക്രമിക്കപ്പെട്ട സംഭവം മുതല്‍ അവര്‍ നിലപാട് വ്യക്തമാക്കിയതാണ്. അടൂര്‍ ഭാസിക്കെതിരെ ആരോപണം ഉന്നയിച്ച ശേഷം സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നവരെ എങ്ങനെയാണ് ഒരാള്‍ക്ക് എങ്ങനെയാണ് പരിഹസിക്കാന്‍ തോന്നുകയെന്നും ദീപന്‍ ശിവരാമന്‍ ചോദിക്കുന്നു. നാടക രംഗത്തുള്ളവരെ മുഴുവന്‍ അപമാനിക്കുന്ന തരത്തിലുള്ള നിലപാടായിരുന്നു ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ സ്വീകരിക്കേണ്ടത്. 

കെപിഎസി ലളിതയുടെ മുഴുവന്‍ വിശ്വാസ്യതയും നഷ്ടമാക്കുന്നതായിരുന്നു ഇന്നലെ നടത്തിയ പരാമര്‍ശങ്ങള് എന്നും ദീപന്‍ ശിവരാമന്‍ വ്യക്തമാക്കുന്നു. കേരളത്തിലെ നാടക മേഖലയില്‍ ഉള്ളവര്‍ ശക്തമായി അവര്‍ക്കെതിരെ രംഗത്ത് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും ദീപന്‍ ശിവരാമന്‍ വിശദമാക്കി. നടിയെ അക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ അവര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍ ഇത്തരത്തില്‍ ഉള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

കേരളത്തിലെ നാടക സമൂഹം പ്രതീകാത്മകമായെങ്കിലും അവര്‍ക്കെതിരെ ഒരു മാര്‍ച്ച് നടത്തിയെങ്കിലും പ്രതിഷേധം അറിയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായില്‍ തോന്നിയത് വിളിച്ച് പറയുന്ന കെപിഎസി ലളിതയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അവരുടെ പേരിനൊപ്പം ചേര്‍ക്കുന്ന കെപിഎസി എന്നത് മാറ്റി എഎംഎംഎ ലളിത എന്നു ചേര്‍ക്കുന്നതാവും ഉചിതം. കെപിഎസി എന്നത് നാടകത്തിന് വിപ്ലവകരമായ രീതിയില്‍ ജീവന്‍ കൊണ്ടുവന്ന പ്രസ്ഥാനമായിരുന്നു. കെപിഎസി ലളിത എന്ന് ഒപ്പം ചേര്‍ത്ത് ആ പ്രസ്ഥാനത്തെ ലളിത ഇനിയും അപമാനിക്കാന്‍ ഇടയാക്കരുതെന്നും ദീപന്‍ ശിവരാമന്‍ ആവശ്യപ്പെടുന്നു